
സി.പി.എമ്മിന് കേരളത്തിൽ ഭരണത്തുടർച്ച സംഭവിച്ചത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് എഴുത്തുകാരി അരുന്ധതി റോയ്. സിപിഎമ്മിന് വിമർശനങ്ങൾ സഹിക്കാൻ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസ്റ്റ് പ്രവണതയുണ്ടെന്നും അരുന്ധതി റോയ് പറഞ്ഞു.
കേരളം സംഘപരിവാറിനും അതിന്റെ ഹിന്ദുരാഷ്ട്ര പ്രോജക്ടിനുമെതിരേ ശക്തമായി നിലകൊള്ളുന്നുണ്ട്. പക്ഷേ, പല സ്ഥാപനങ്ങളും ക്രിസ്ത്യൻ പള്ളികളിലെ പല വിഭാഗങ്ങളും സി.പി.എമ്മിലെത്തന്നെ ചില വിഭാഗങ്ങളും ഉൾപ്പെടെ ഇസ്ലാമോഫോബിയയുടെ അസ്വസ്ഥകരമായ അടയാളങ്ങൾ കാണിക്കുന്നുണ്ട്.
കേരളത്തിൽ സി.പി.എം പുറത്തുപോകാത്തത് കേരളത്തിലെ ജനങ്ങൾ അവരെ അതിനനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണ്. കേരളത്തിലെ ജനങ്ങൾ ഓരോ അഞ്ചുവർഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി, ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേർവരയിൽ നിർത്തുകയായിരുന്നു ഇതുവരെ.
എന്നാൽ ഇപ്രാവശ്യം ആ ചാക്രികമായ മാറ്റം ഉണ്ടായില്ല. അത് കുറച്ച് അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വേറൊന്നുകൊണ്ടുമല്ല, സി.പി.എമ്മിന്റെ ഗുണത്തെക്കരുതിത്തന്നെയെന്ന് അരുന്ധതി അഭിപ്രായപ്പെട്ടു.
ഇത്രയും വർഷങ്ങൾക്കുശേഷവും ജാതിചിന്തകളെ ചോദ്യം ചെയ്യാൻ കഴിയാത്തത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഒരു ദുരന്തമാണ്. തുടർച്ചയായി അധികാരത്തിൽ ഇരിക്കുക എന്നത് തീർച്ചയായും സ്വയം നശിപ്പിക്കപ്പെടുന്നതിനുള്ള ഒരു വഴിയാണ്.
എന്നാൽ നമ്മുടെ രാജ്യത്തെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന് മാർക്സിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങൾകൊണ്ട് വളരെയധികം നേട്ടങ്ങളുണ്ടായിട്ടുണ്ടെനന്നും അരുന്ധതി കൂട്ടിച്ചേർത്തു.
ആദ്യ നോവലായ ‘ദ് ഗോഡ് ഓഫ് സ്മോൾ തിങ്സി’ ൽ കമ്യൂണിസ്റ്റ് പാർട്ടിയെ വിമർശിച്ചിരുന്നു. അതിന് കാരണം ജാതിപ്രശ്നങ്ങളെ നേരിടുന്നതിനുള്ള അതിന്റെ കഴിവില്ലായ്മകൊണ്ടാണ്.
അതിൽ ഒട്ടും പശ്ചാത്താപമില്ല. അതിന് താൻ കമ്യൂണിസ്റ്റ് വിരുദ്ധ ആണെന്നൊക്കെ പറഞ്ഞ് അപമാനിക്കാൻ വേണ്ടി പലരും വായിൽ തോന്നുന്നതൊക്കെ പറഞ്ഞത് തികച്ചും അസംബന്ധമാണ്.
Story highlight : Arundhati Roy’s arguments against CPIM