മധ്യപ്രദേശിലെ ഇൻഡോറിൽ സൈനിക ഉദ്യോഗസ്ഥരും വനിതാ സുഹൃത്തുക്കളും ക്രൂരമായ ആക്രമണത്തിനിരയായി. മ്ഹൗ സൈനിക കോളജിൽ പരിശീലനം നടത്തുന്ന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഛോട്ടി ജാമിനു സമീപത്തെ ഫയറിങ് റേഞ്ചിൽ വനിതാ സുഹൃത്തുക്കളോടൊപ്പം എത്തിയപ്പോഴാണ് സംഭവം നടന്നത്. തോക്ക്, കത്തി, വടി തുടങ്ങിയ ആയുധങ്ങളുമായി എത്തിയ ആറംഗസംഘം ഇവരുടെ കാറിനെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു.
ഉദ്യോഗസ്ഥരെയും സുഹൃത്തുക്കളെയും ആക്രമിച്ച അക്രമികൾ, ഇവരുടെ പേഴ്സും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു. തുടർന്ന് ഒരു ഉദ്യോഗസ്ഥനെയും സ്ത്രീയെയും ബന്ദികളാക്കി, മോചനത്തിനായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് മറ്റ് രണ്ടുപേരെ വിട്ടയച്ചു. വിട്ടയക്കപ്പെട്ട ഉദ്യോഗസ്ഥൻ കമാൻഡിംഗ് ഓഫീസറെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാൽ അക്രമികൾ ഓടി രക്ഷപ്പെട്ടു.
അതിക്രമത്തിനിരയായവരെ മ്ഹൗ സിവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഒരു പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായതായി മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. സംഭവത്തിൽ രണ്ടുപേരെ ഇൻഡോർ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവം സമൂഹത്തെ മുഴുവൻ ലജ്ജിപ്പിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമസമാധാനം തകർന്നിരിക്കുന്നുവെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനോടുള്ള സർക്കാരിന്റെ നിഷേധാത്മക സമീപനം ആശങ്കാജനകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Story Highlights: Army officers assaulted and woman friend gang-raped in Indore, Madhya Pradesh