ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി പൂർണമായും കരയിലേക്ക് കയറ്റി. ക്രയിനിൽ ഇരുമ്പുവടം ഉപയോഗിച്ചാണ് ലോറി മുകളിലേക്ക് ഉയർത്തിയത്. ലോറിയിൽ നിന്ന് അർജുന്റെ വസ്ത്രങ്ങളും കണ്ടെത്തി. ഹാൻഡ് ബ്രേക്കിൽ ആയതിനാൽ ലോറിയുടെ പിൻ ടയറുകൾ ചലിക്കുന്ന അവസ്ഥയിലല്ല. ലോറി ദേശീയപാതയിലേക്ക് ഉയർത്തി ക്യാമ്പിൽ വിശദമായി പരിശോധിക്കും.
72 ദിവസത്തെ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്. പോയിന്റ് CP2 വിൽ നിന്നാണ് ലോറിയുടെ മുൻഭാഗം അടങ്ങിയ ക്യാബിൻ വെള്ളത്തിനടിയിൽ നിന്ന് ലഭിച്ചത്. ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് തന്നെ ലഭ്യമാക്കാനാണ് ശ്രമം. മൃതദേഹം അർജുന്റേതെന്ന് സ്ഥിരീകരിച്ചാൽ ഉടൻ കുടുംബത്തിന് കൈമാറും. നിലവിൽ മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജൂലൈ 16-നാണ് ദേശീയപാത 66-ൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നിൽ നിന്നവരും സമീപം പാർക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയിൽ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉൾപ്പെടെ ഏഴുപേർ അപകടത്തിൽ മരിച്ചു. കാർവാർ-കുംട്ട റൂട്ടിൽ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികൾ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. അപകടസമയത്ത് ഇവിടെ നിർത്തിയിട്ട ഇന്ധന ടാങ്കർ ഉൾപ്പെടെ നാല് ലോറികൾ ഗംഗാവല്ലി നദിയിലേക്ക് തെറിച്ചുവീണ് ഒഴുകിയിരുന്നു.
Story Highlights: Arjun’s lorry recovered from Gangavali river in Shirur after 72 days of search