കാസർഗോഡ് കൊളത്തൂരിലെ അമ്മാളുഅമ്മ വധക്കേസിൽ മരുമകൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2014-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീടിന്റെ ചായ്പ്പിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മാളുവമ്മയെ മകന്റെ ഭാര്യ അംബിക കഴുത്ത് ഞെരിച്ചും തലയിണകൊണ്ട് മുഖത്തമർത്തിയും നൈലോൺ കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയും കൊലപ്പെടുത്തി. ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർക്ക് തോന്നിയ ചില സംശയങ്ങളാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് നയിച്ചത്.
അംബികയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയ പോലീസ് അമ്മാളുഅമ്മയുടെ മകൻ കമലാക്ഷൻ, ചെറുമകൻ ശരത് എന്നിവരെയും പ്രതിചേർത്തു. എന്നാൽ ഇരുവരുടേയും പങ്ക് തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. ഇതോടെ ഇരുവരേയും കാസർഗോഡ് ജില്ലാ അഡിഷണൽ സെഷൻസ് കോടതി വെറുതെവിട്ടു.
തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് ഒന്നാം പ്രതി അംബികയ്ക്ക് ശിക്ഷ വിധിച്ചത്. പ്രായവും കുടുംബത്തിന്റെ സാഹചര്യവും കണക്കിലെടുത്ത് ശിക്ഷാ ഇളവ് നൽകാനാകില്ലെന്ന് ജഡ്ജ് എ മനോജ് വ്യക്തമാക്കി.