സി. പി. ഐ. എം നേതാവ് പി. ജയരാജന്റെ വിശ്വസ്തനായ മയ്യിൽ സ്വദേശി മനീഷ് മനോഹരനാണ് കാഫിർ സ്ക്രീൻഷോട്ട് പോസ്റ്റ് ഷെയർ ചെയ്ത അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ എന്ന് കണ്ടെത്തിയിരിക്കുന്നു. ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന മനീഷ്, നിലവിൽ ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗവും പാർട്ടി ബ്രാഞ്ച് സെക്രട്ടറിയുമാണ്.
സി. പി. ഐ. എം നേതൃത്വത്തിലുള്ള മയ്യിൽ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ മനീഷിന് ലഭിച്ച സ്ക്രീൻഷോട്ട് അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതോടെ കാഫിർ വിവാദത്തിൽ ആരോപണം നേരിടുന്ന രണ്ടാമത്തെ ഡിവൈഎഫ്ഐ നേതാവായി മനീഷ് മാറിയിരിക്കുന്നു. നേരത്തെ ഡി.
വൈ. എഫ്. ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷിനെതിരേയും ആരോപണം ഉയർന്നിരുന്നു. സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് റിബേഷ് ആണെന്നായിരുന്നു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. എന്നാൽ റിബേഷിന് പൂർണ പിന്തുണയുമായി ഡി. വൈ.
എഫ്. ഐ സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു. കാഫിർ സ്ക്രീൻഷോട്ടിന്റെ പേരിൽ റിബേഷിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമെന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടു. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയത്തിൽ മാധ്യമങ്ങളും, ലീഗ്, കോൺഗ്രസ് നേതൃത്വവും അനാവശ്യമായി റിബേഷിനെ പ്രതിയാക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് വി. വസീഫും ജനറൽ സെക്രട്ടറി വി. കെ സനോജും പറഞ്ഞു.
വിവാദ സ്ക്രീൻഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാമായി നൽകാമെന്നും ഡി. വൈ. എഫ്. ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.
Story Highlights: CPI(M) leader’s confidant Maneesh Manoharan identified as admin of controversial Facebook page