അല്ലു അര്ജുന് തീയറ്ററില് എത്തുന്ന കാര്യം കൃത്യമായി അറിയിച്ചില്ലെന്ന പൊലീസിന്റെ വാദം തെറ്റാണെന്ന് തെളിയുന്നു. സന്ധ്യ തിയേറ്റര് അധികൃതര് വ്യക്തമാക്കിയത് അനുസരിച്ച്, താരങ്ങളും സിനിമയുടെ അണിയറ പ്രവര്ത്തകരും തിയറ്ററില് എത്തുമെന്ന് കാണിച്ച് ഡിസംബര് രണ്ടിന് തന്നെ ചിക്കട് പള്ളി പോലീസിന് അപേക്ഷ നല്കിയിരുന്നു. മതിയായ സുരക്ഷ ഒരുക്കണമെന്നായിരുന്നു അപേക്ഷയിലെ ആവശ്യം.
പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്ശനത്തിനിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില് നടന് അല്ലു അര്ജുനെ അറസ്റ്റ് ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 105,118(1) വകുപ്പുകള് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. ഇത് 5 മുതല് 10 വര്ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ജൂബിലി ഹില്സിലെ അല്ലുവിന്റെ വസതിയില് നിന്നാണ് ഹൈദരാബാദ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പിന്നീട് ചിക്കടപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
ഡിസംബര് നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിലായിരുന്നു ദുരന്തം സംഭവിച്ചത്. ഹൈദരാബാദ് ദില്ഷുക്നഗര് സ്വദേശിനി രേവതിയാണ് തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അല്ലു അര്ജുന് നേരത്തെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിയേറ്ററിന്റെ ഉടമകളില് ഒരാള്, സീനിയര് മാനേജര്, ലോവര് ബാല്ക്കണിയിലെ സുരക്ഷാ ജീവനക്കാരന് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം സിനിമാ വ്യവസായത്തിലും പൊതുസമൂഹത്തിലും വലിയ ചര്ച്ചകള്ക്ക് വഴിവെച്ചിട്ടുണ്ട്.
Story Highlights: Theater owners’ letter requesting security for Allu Arjun’s visit contradicts police claims