ആലപ്പുഴ കലവൂർ കോർത്തശേരിയിൽ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ വയോധികയുടെ പോസ്റ്റ്മോർട്ടം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ നടക്കും. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്ന നിഗമനത്തിൽ പോസ്റ്റുമോർട്ടം സങ്കീർണ്ണമാകുമെന്ന് കരുതുന്നു. സുഭദ്രയുടെ വീടിനു സമീപത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളും, സുഭദ്രയും ശർമിളയും റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യവും തിരോധാനക്കേസ് കൊലപാതകമാണെന്ന കണ്ടെത്തലിലേക്ക് പോലീസിനെ എത്തിച്ചു.
പ്രതികളെന്നു സംശയിക്കുന്ന നിതിൻ മാത്യുവിനും ശർമിളക്കും വേണ്ടി ഉടുപ്പിയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആലപ്പുഴയിലെ ജ്വല്ലറിക്ക് പുറമേ ഉഡുപ്പിയിലും ഇവർ സുഭദ്രയുടെ സ്വർണം പണയം വെച്ചതായി അന്വേഷണസംഘം കണ്ടെത്തി. സുഭദ്രയുടെ സ്വർണാഭരണങ്ങൾ ഇവർ കവർന്നെങ്കിലും കൊലയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല.
നാട്ടുകാർ നൽകിയ വിവരങ്ങളാണ് ശർമിള, നിധിൻ മാത്യും എന്നിവരിലേക്ക് പൊലീസിനെ എത്തിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന നിധിൻ മാത്യുവും ഷർമിളയും അമിത മദ്യപാനികളാണെന്നും മാത്യു മദ്യപിച്ചാൽ അക്രമാസക്തനാകുന്ന ആളെന്നും പോലീസ് പറയുന്നു. ഇരുവർക്കുമിടയിൽ സംഘർഷം ഉണ്ടാകുന്നതും പതിവാണ്.
നിതിൻ മാത്യുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചെന്ന പരാതിയിൽ ശർമിളക്കെതിരെ മണ്ണഞ്ചേരി പോലീസിൽ കേസുണ്ട്. കർണാടക സ്വദേശി 34 കാരി ശർമിളയെ സംബന്ധിച്ചു ദുരൂഹതകൾ ഏറെയാണ്.
Story Highlights: Alappuzha Subhadra murder case: Postmortem to be conducted, search intensified for accused