പഞ്ചാബിലെ മൊഹാലിയിൽ ഇന്ത്യൻ സൈന്യത്തിലെ അഗ്നിവീറായ യുവാവ് ഹൈവേ കൊള്ള സംഘത്തിന്റെ തലവനായി പ്രവർത്തിച്ചതായി കണ്ടെത്തി. ഇഷ്മീത് സിങ് എന്ന സൈനികനെ ആയുധങ്ങൾ സഹിതം പഞ്ചാബ് പൊലീസ് പിടികൂടി. 2022 നവംബറിൽ അഗ്നിവീറായി സൈന്യത്തിൽ ചേർന്ന ഇയാൾ അവധിക്ക് നാട്ടിലെത്തിയ ശേഷം കൊള്ളസംഘത്തിന് രൂപം നൽകുകയായിരുന്നു.
ഇഷ്മീത് സിങ് കൂട്ടാളികളുമായി ചേർന്ന് ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾ ആക്രമിച്ച് മോഷണം നടത്തുകയായിരുന്നു. ഇയാളുടെ സഹോദരനും സുഹൃത്തും ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് മോഷ്ടിച്ച കാർ, ബുള്ളറ്റ് ബൈക്ക്, സ്കൂട്ടർ, നാടൻ തോക്ക്, വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു. പശ്ചിമ ബംഗാളിൽ നിയമനം ലഭിച്ച ഇഷ്മീത് രണ്ട് മാസം മുൻപ് അവധിക്ക് നാട്ടിലെത്തിയ ശേഷം ജോലിക്ക് തിരികെ പോയിരുന്നില്ല.
രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ ടാക്സി ബുക്ക് ചെയ്ത് വരുത്തിയ ശേഷം തോക്ക് ചൂണ്ടി വാഹനം തട്ടിയെടുക്കുന്നതായിരുന്നു പ്രതികളുടെ രീതി. മോഷ്ടിച്ച വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാറ്റി ഉപയോഗിക്കുകയും പിന്നീട് മറിച്ചു വിൽക്കുകയും ചെയ്തിരുന്നു. ജൂലൈ 20 ന് രാത്രി ഛപ്പർചിരിയിൽ വെച്ച് ഡ്രൈവറുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച ശേഷം കാർ മോഷ്ടിച്ചതായും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും മൊഹാലി പൊലീസ് അറിയിച്ചു.