എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകി. കവടിയാറിലെ വീട് നിർമ്മാണത്തിലും ഫ്ലാറ്റ് ഇടപാടിലും ക്രമക്കേടില്ലെന്നാണ് വിജിലൻസിന്റെ അന്തിമ റിപ്പോർട്ട്. പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ വിജിലൻസ് അന്വേഷണത്തിൽ തെളിയിക്കപ്പെട്ടില്ല.
വിജിലൻസ് നേരത്തെ സമർപ്പിച്ച ആദ്യ റിപ്പോർട്ടിലും അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. എന്നാൽ, കൂടുതൽ പരിശോധനയ്ക്കായി വിജിലൻസ് ഡയറക്ടർ ഈ റിപ്പോർട്ട് തിരികെ നൽകി. തുടർന്നുള്ള വിശദമായ അന്വേഷണത്തിനൊടുവിലാണ് എം.ആർ. അജിത് കുമാറിനെതിരെയുള്ള എല്ലാ ആരോപണങ്ങളിൽ നിന്നും മുക്തനാക്കിക്കൊണ്ട് വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
കോടികൾ മുടക്കി കവടിയാറിൽ കൊട്ടാര സദൃശമായ വീട് നിർമ്മിക്കുന്നു എന്നതായിരുന്നു പി.വി. അൻവറിന്റെ പ്രധാന ആരോപണം. താഴത്തെ നിലയിൽ കാർ പാർക്കിംഗ് ഉൾപ്പെടെ മൂന്ന് നിലകളുള്ള കെട്ടിടമാണ് അജിത് കുമാർ നിർമ്മിച്ചത്. എന്നാൽ, എസ്.ബി.ഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമ്മിച്ചതെന്ന് വിജിലൻസ് കണ്ടെത്തി. വീട് നിർമ്മാണം സംബന്ധിച്ച വിവരങ്ങൾ യഥാസമയം സർക്കാരിനെ അറിയിച്ചിരുന്നുവെന്നും സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ് സ്ഥിരീകരിച്ചു.
Story Highlights: Vigilance gives clean chit to ADGP MR Ajith Kumar in disproportionate assets case.