മലയാളത്തിലെ മുതിര്ന്ന നടി കോഴിക്കോട് ശാരദ (75) അന്തരിച്ചു.
ശ്വാസ തടസ്സത്തെ തുടർന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കോഴിക്കോട് ശാരദ ഹൃദയാഘാതത്തെ തുടര്ന്ന് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
നാടക മേഖലയില് നിന്നും സിനിമയിലേക്ക് ചുവടുവച്ച കോഴിക്കോട് ശാരദ അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
കൂടാതെ ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് എന്നിവയുൾപ്പെടെ എൺപതോളം ചിത്രങ്ങളിൽ തന്റെ അഭിനയമികവ് കാഴ്ചവയ്ക്കാൻ ഈ കലാകാരിക്ക് കഴിഞ്ഞു.
1979ലെ അങ്കക്കുറി എന്ന ചിത്രത്തിലൂടെയാണ് കോഴിക്കോട് ശാരദ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്.മെഡിക്കല് കോളേജ് റിട്ടയര്ഡ് നഴ്സിംഗ് അസിസ്റ്റായും ശാരദ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സത്യൻ, നസീര് എന്നിവർ അടക്കമുള്ളവര്ക്കൊപ്പവും വെള്ളിത്തിരയില് വേഷമിട്ടിട്ടുള്ള നടിയാണ് കോഴിക്കോട് ശാരദ.
സല്ലാപത്തിലെ വേഷമാണ് കോഴിക്കോട് ശാരദയുടെ ഏറ്റവും മികച്ച കഥാപാത്രമായി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നത്.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് അവസാന കാലത്ത് കോഴിക്കോട് ശാരദ സിനിമാ രംഗത്ത് സജീവമായിരുന്നില്ല.
Story highlight : Actress Kozhikode Sharda passed away.