വന്യജീവികളുടെ മാംസം കഴിച്ചതായി വെളിപ്പെടുത്തിയതിനെ തുടർന്ന് ഹിന്ദി-മറാഠി നടി ഛായാ കദമിനെതിരെ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമായതിനാൽ നടിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പ്ലാന്റ് ആൻഡ് അനിമൽ വെൽഫെയർ സൊസൈറ്റി (PAWS) ആവശ്യപ്പെട്ടു. കൂരമാൻ, മുയൽ, കാട്ടുപന്നി, ഉടുമ്പ്, മുള്ളൻപന്നി തുടങ്ങിയ സംരക്ഷിത ജീവികളുടെ മാംസം കഴിച്ചതായി ഛായാ കദം അവകാശപ്പെട്ടു എന്നാണ് PAWS നൽകിയ പരാതിയിൽ പറയുന്നത്.
ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്. മുംബൈ ആസ്ഥാനമായുള്ള PAWS ആണ് പരാതി നൽകിയത്. ഛായയെ ഉടൻ അന്വേഷണത്തിനായി വിളിപ്പിക്കുമെന്ന് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഭിമുഖത്തിൽ അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ വേട്ടക്കാരെ കണ്ടെത്തുമെന്ന് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഇത് പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്നതാണെന്നും സംഘടന പറയുന്നു. 2002-ലെ ജൈവവൈവിധ്യ നിയമം കൂടി ബാധകമാക്കണമെന്നും ഇതിൽ ഉൾപ്പെട്ട മറ്റുള്ളവർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സംഘടന അഭ്യർത്ഥിച്ചു.
ലാപതാ ലേഡീസ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മഡ്ഗാവ് എക്സ്പ്രസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഛായാ കദം. താരത്തിന്റെ വെളിപ്പെടുത്തലിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. വന്യജീവികളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തേണ്ട ഒരു സമയത്ത് ഇത്തരം പ്രസ്താവനകൾ അപകടകരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Story Highlights: Hindi-Marathi actress Chaya Kadam faces investigation for consuming wild animal meat.