
തുമ്പ മുതൽ പുത്തൻതോപ്പ് വരെ ഏതാണ്ട് 3 കിലോമീറ്റർ ദൂരം വരുന്ന കടലിന്നടിത്തട്ട് ലാറ്ററൈറ്റുകളുടെ അടരുകൾ ചേർന്ന ഉറച്ച കടൽത്തറ കണ്ടെത്തിയത്.
തിരുവനന്തപുരം: അപൂർവ ഇനം പാരുകള് ഉൾപ്പെടെ തെക്കൻ മേഖലയിലെ കടലിന്നടിത്തട്ടിൽ പുതിയ പവിഴ ജീവി മേഖല കണ്ടെത്തിയതായി വിവരം. കേരളത്തിന്റെ കടൽ മേഖലകളിൽ വളരെ അപൂർവമായി മാത്രം കണ്ടു വരുന്നുവെന്ന് നിർവചിക്കാവുന്ന തരത്തിലാണ് ഇപ്പോൾ കണ്ടെത്തിയ പവിഴ ജീവി മേഖല. ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്(എഫ്എംഎൽ) നേതൃത്വത്തിൽ നടത്തിയ പഠന നിരീക്ഷണത്തിത്തിനൊടുവിലാണ് തുമ്പ മുതൽ പുത്തൻതോപ്പ് വരെ ഏതാണ്ട് 3 കിലോമീറ്റർ ദൂരം വരുന്ന കടലിന്നടിത്തട്ട് ലാറ്ററൈറ്റുകളുടെ അടരുകൾ ചേർന്ന ഉറച്ച കടൽത്തറ കണ്ടെത്തിയത്. ഇതുവരെ കണ്ടെത്താത്ത ഡിപ്സാൻട്രിയ ഫേവസ് എന്നയിനം പവിഴജീവികളാണ് ഇവയെന്നു എഫ്എംഎൽ ചീഫ് കോ–ഓർഡിനേറ്റർ റോബർട്ട് പനിപ്പിള്ള പറഞ്ഞു.
ഡെൻഡ്രോഫൈലിയ, ടുബാസ്ട്രിയ എന്നയിനം പവിഴ ജീവകളെയും കാണാം. കൂടാതെ തറയിൽ ഉറച്ചു നിന്നു വളരുന്നവയും ജലത്തിൽ നീന്തി തുടിച്ചു ജീവിക്കുന്നവയുമായ അനേക തരം ജീവജാലങ്ങളെയും കണ്ടെത്തി. സെന്റ് ആൻഡ്രൂസിലെ തദേവൂസ് എന്ന മത്സ്യത്തൊഴിലാളിയാണ് ഇതു സംബന്ധിച്ചു സൂചന നൽകിയത്. ഇദ്ദേഹം കടലിലെ 22 മീറ്റർ ആഴമുള്ള ഭാഗത്ത് ചൂണ്ടിക്കാണിച്ച സ്ഥലത്ത് മുങ്ങിയപ്പോഴാണ് അതിശയകരമായ കാഴ്ച കാണുന്നത്.
കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പുമായി ചേർന്നു സ്കൂബ കൊച്ചിൻ, സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ഫിഷർമെൻ സൊസൈറ്റീസ്(സിഫ്സ്), അധ്വാന എന്നിവയുമായി ചേർന്നു ഈ ഭാഗത്തെ ജൈവ വൈവിധ്യത്തെ കുറിച്ചു വിശദമായി പഠിക്കുമെന്നു റോബർട്ടു പനിപ്പിള്ള പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ അറിവു കൂടി ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ കടലിനടിയിലെ ജൈവ മേഖലകൾ മാപ് ചെയ്യാൻ സർക്കാർ തയാറാവണമെന്ന് എഫ്എംഎൽ ആവശ്യപ്പെട്ടു.
Story Highlights: A new coral reef has been discovered on the seabed in the southern region, including rare species of rays.