**ഇടുക്കി◾:** പരുന്തുംപാറയിലെ വിവാദ റിസോർട്ട് നിർമ്മാണം പട്ടയവ്യവസ്ഥ ലംഘിച്ചതായി റവന്യൂ വകുപ്പ് കണ്ടെത്തി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് നിർമ്മിച്ച ബഹുനില കെട്ടിടമാണ് പട്ടയ വ്യവസ്ഥകൾ ലംഘിച്ചത്. കൈവശഭൂമിയുടെ രേഖകൾ ഹാജരാക്കാൻ ആയിരത്തിലധികം പേർക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
പീരുമേട് താലൂക്കിലെ അഞ്ച് സർവേ നമ്പറുകളിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള കെട്ടിട നിർമ്മാണ നിരോധനാജ്ഞ മെയ് 5ന് അവസാനിക്കും. കയ്യേറ്റം സംബന്ധിച്ച അന്വേഷണത്തിന്റെ ആദ്യഘട്ടം മെയ് അഞ്ചിന് പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു. റവന്യൂ രേഖകളും കൈവശക്കാർ ഹാജരാക്കുന്ന രേഖകളും 15 ദിവസത്തിനുള്ളിൽ പരിശോധിച്ച് നടപടി സ്വീകരിക്കും.
മഞ്ചുമല, പീരുമേട് എന്നീ വില്ലേജുകളിലെ രണ്ട് സർവേ നമ്പറിൽ സ്ഥലം കൈവശം വച്ചിരിക്കുന്നവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പീരുമേട് വില്ലേജിലെ സർവ്വേ നമ്പർ 534 ലെ ഭൂമിക്ക് നൽകിയ പട്ടയം ഉപയോഗിച്ച്, മഞ്ചുമല വില്ലേജിലെ സർവ്വേ നമ്പർ 441 ലെ സർക്കാർ ഭൂമി കയ്യേറി എന്നാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. കയ്യേറ്റം തെളിഞ്ഞാൽ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കും.
മറ്റൊരു സർവ്വേ നമ്പറിൽ കിട്ടിയ പട്ടയം ഉപയോഗിച്ച് പരുന്തുംപാറയിൽ ഭൂമി കൈവശം വച്ചിരിക്കുന്നതായി ഡിജിറ്റൽ സർവ്വേയിൽ കണ്ടെത്തി. യഥാർത്ഥത്തിൽ പട്ടയം കിട്ടിയ സ്ഥലം കണ്ടെത്താൻ സർവ്വേ വിഭാഗത്തിന്റെ പരിശോധനയും പുരോഗമിക്കുന്നു. സജിത്ത് ജോസഫിന് കിട്ടിയെന്ന് അവകാശപ്പെടുന്ന പട്ടയം കൃഷിക്കും വീട് നിർമ്മിക്കാനും മാത്രമുള്ളതാണ്. എന്നാൽ, ഇവിടെ അഞ്ച് ബഹുനില വാണിജ്യ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്.
Story Highlights: Revenue Department finds Parunthumpara resort construction violated lease terms, notices issued to landholders.