കലൂരിലെ പിജിഎസ് വേദാന്ത ഹോട്ടലിൽ നിന്ന് നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതാണ് സംഭവത്തിന് ആക്കം കൂട്ടിയത്. മൂന്നാം നിലയിലെ മുറിയുടെ ജനാലയിലൂടെ രണ്ടാം നിലയിലെ ഷീറ്റിലേക്ക് ചാടിയാണ് ഷൈൻ രക്ഷപ്പെട്ടത്. ഈ ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി. തുടർന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടിയ ഷൈൻ സ്റ്റെയർകെയ്സ് വഴി ഓടി രക്ഷപ്പെട്ടു.
സിനിമ സെറ്റിൽ തനിക്കെതിരെ മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ ആണെന്ന് നടി വിൻസി ആലോഷ്യസ് വെളിപ്പെടുത്തി. ഫിലിം ചേംബറിനും ഐസിസിക്കും നടി പരാതി നൽകിയിട്ടുണ്ട്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാതിയിലാണ് നടി നടന്റെ പേര് വെളിപ്പെടുത്തിയത്. സംഭവം എക്സൈസ് അന്വേഷിക്കും.
ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് വിൻസി ആലോഷ്യസ് നിലപാടെടുത്തതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി. ഒരു പ്രധാന നടൻ ഒരു ചിത്രത്തിൻറെ സെറ്റിൽ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ.
സിനിമ സെറ്റിൽ ലഹരിമരുന്ന് ഉപയോഗിക്കുന്നത് വളരെ വ്യക്തമായിരുന്നുവെന്നും അത് പേഴ്സണൽ ലൈഫിൽ ഉപയോഗിക്കുമോ ഇല്ലയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും വിൻസി പറഞ്ഞു. എന്നാൽ സെറ്റിൽ ഉപയോഗിച്ച് മറ്റുള്ളവർക്ക് ശല്യമാകുന്നത് ശരിയല്ല. ഇതിനെ തുടർന്നാണ് അത്തരക്കാർക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്ന് വിൻസി വ്യക്തമാക്കി. ലഹരി പരിശോധന നടക്കുന്നതിനിടെയാണ് ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടത്.
Story Highlights: Actor Shine Tom Chacko fled a hotel during a drug raid, jumping from a third-floor window.