കഴക്കൂട്ടം◾ ബൈക്കിൽ കറങ്ങി എംഡിഎംഎ വിൽപന നടത്തിയ യുവാവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് ബലവാൻ നഗർ സ്വദേശി സബിൻ(27) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 3 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ ശേഷം ബൈക്കിൽ കറങ്ങി ടെക്നോപാർക്കിനു സമീപം ലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്.
ടെക്നോപാർക്ക് കേന്ദ്രീകരിച്ച് രാസ ലഹരി വ്യാപനം കൂടിയതോടെ പൊലീസ് അന്വേഷണം ശക്തിപ്പെടുത്തിയിരുന്നു. പിന്നാലെ പലരും നിരീക്ഷണത്തിലായി. ഇയാളെയും അങ്ങനെ നിരീക്ഷിച്ച് വരുകയായിരുന്നു. ഇതിനിടെയാണ് കൊല്ലത്ത് നിന്നും ലഹരി എത്തിച്ച് വിൽപന നടത്തുന്നതായി വിവരം ലഭിച്ചത്. സംഭവത്തിൽ ഇയാളുമായി പ്രത്യക്ഷത്തിൽ ബന്ധമുള്ളവർക്കെതിരെയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴക്കൂട്ടം മേഖലയിൽ ലഹരി ഉപഭോഗ, വിൽപന കേസുകൾ കൂടുകയാണ്. കഞ്ചാവിന്റെ ഉപഭോഗവും കൂടി. സ്റ്റേഷൻ ജാമ്യത്തിൽ വിടുന്ന തരം കേസുകളും കൂടി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.
Story Highlights: A young man was arrested near Kazhakoottam Technopark with synthetic drugs.