വെള്ളനാട്(തിരുവനന്തപുരം) ◾ എക്സൈസ് ഷാഡോ ടീം നടത്തിയ പരിശോധനയിൽ വെള്ളനാട് ഉറിയാക്കോട് ചക്കിപ്പാറയിൽ നിന്നും എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടികൂടി. മുട്ടത്തറ പള്ളിത്തെരുവിൽ നിന്നും കൊണ്ണിയൂർ ചക്കിപ്പാറ കുരുവിയോട് അൽത്താഫ് മൻസിലിൽ എസ്. സുഹൈദ് ഇൻതിയാസ്(24), പൂവച്ചൽ അമ്പലം തോട്ടരികത്തു വീട്ടിൽ വി. വിഷ്ണു (20) എന്നിവരെയാണ് പിടികൂടിയത്.
16 ഗ്രാം എംഡിഎംഎ എക്സൈസ് ടീം കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുഹൈദിന്റെ വീട്ടിൽ എക്സൈസ് സംഘം തിരച്ചിൽ നടത്തിയിരുന്നു. ഈ സമയം സുഹൈദും വിഷ്ണുവും ലഹരി ഉപയോഗിക്കുകയായിരുന്നു. ലഹരി സ്വന്തമായി ഉപയോഗിക്കാനാണ് സംഘടിപ്പിച്ചതെന്ന് പ്രതികൾ മൊഴി നൽകി.
ലഹരി എവിടെ നിന്നും വാങ്ങിയെന്ന കാര്യത്തിൽ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. എങ്കിലും പ്രതികളിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് എത്താന് എക്സൈസ് സംഘം ശ്രമം നടത്തുന്നുണ്ട്. സൂചകൾ ലഭിച്ചതായും കുറച്ചു പേരെ നിരീക്ഷിച്ചു വരികയാണെന്നും എക്സൈസ് അറിയിച്ചു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.
ജി. അരവിന്ദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ഷാഡോ ടീം ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. റെയിഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. അനിൽ കുമാർ, പ്രിവന്റീവ് ഓഫിസർമാരായ മഹേഷ്, സജി, നജിമുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മിലാദ്, രാജേഷ് കുമാർ, ഹരികൃഷ്ണൻ, രജിത, ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
Story Highlights: Two young men arrested with 16 grams of MDMA in Vellanad, Thiruvananthapuram.