തിരുവനന്തപുരം: ബ്രഡിനുള്ളിൽ തിരുകി കടത്താൻ ശ്രമിച്ച 193.20 ഗ്രാം എംഡിഎംഎ റൂറൽ ജില്ല പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം പിന്തുടർന്ന് പിടികൂടി. സംസ്ഥാനത്തിനു പുറത്തു നിന്നും എംഡിഎംഎ കടത്തിക്കൊണ്ടു വന്ന കൊലക്കേസ് പ്രതികളായ 2 പേരുൾപ്പെടെ 3 പേരെ അറസ്റ്റ് ചെയ്തു. കൊലക്കേസ് പ്രതികളായ കാട്ടാക്കട ആമച്ചൽ താഴെ കള്ളിക്കാട് സ്വദേശി വിഷ്ണു ആർ.എസ്. നായർ (35), തിരുമല സ്വദേശി അനൂപ്(33), സംഘത്തിൾ ഉൾപ്പെട്ട തൈക്കാട് സ്വദേശി വിഷ്ണു(32) എന്നിവരാണ് പിടിയിലായത്.
നഗരത്തിൽ നിന്നും രാസ ലഹരിയുമായി സംഘം വരുന്നതറിഞ്ഞ് നർകോട്ടിക് സെൽ ഉദ്യോഗസ്ഥരും ഡാൻസാഫ് ടീമും ഇവരെ പിന്തുടർന്ന് പ്രതികൾ രാസ ലഹരിയുമായി ആമച്ചലുള്ള വിഷ്ണുവിന്റെ വീട്ടിൽ എത്തിയപ്പോൾ പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് കാട്ടാക്കട പൊലീസ് നഗരത്തിൽ നിന്നും തൈക്കാട് സ്വദേശിയെ പിടികൂടി. പിടിച്ചെടുത്ത രാസ ലഹരിയ്ക്ക് 15 ലക്ഷത്തോളം രൂപ വില വരുമെന്നാണ് കരുതുന്നത്.
പ്ലാസ്റ്റിക് കവറിലാക്കിയ എംഡിഎംഎ ബ്രഡിനുള്ളിൽ വച്ചാണ് എത്തിച്ചത്. ഒറ്റ നോട്ടത്തിൽ ബ്രഡ് എന്ന് കരുതും. ഒപ്പം പലഹാരങ്ങളും ഉണ്ടായിരുന്നു. ജില്ലയിൽ രാസ ലഹരി വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നു പൊലീസ് പറഞ്ഞു. ആമച്ചൽ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും തട്ടിക്കൊണ്ടു പോയി മർദനം, കഞ്ചാവ് വിൽപന ഉൾപ്പെടെ പത്തോളം കേസുകളിലും വിഷ്ണു പ്രതിയാണ് എന്നാണ് പൊലീസ് ഭാഷ്യം. പൂജപ്പുര സ്റ്റേഷൻ പരിധിയിലെ കൊലക്കേസിലും ലഹരി വിൽപന കേസുകളിലും പ്രതിയാണ് അനൂപ് എന്ന് പൊലീസ് പറഞ്ഞു.
Story Highlights: Three arrested in Kattakada with MDMA hidden inside bread.