മാനന്തവാടിയിൽ പോലീസ് ജീപ്പ് മറിഞ്ഞ് വഴിയോര കച്ചവടക്കാരൻ മരിച്ചു. ബത്തേരി കോടതിയിൽ ഹാജരാക്കേണ്ട പ്രതിയുമായി അമ്പലവയൽ സ്റ്റേഷനിലെ പോലീസ് ജീപ്പ് കണ്ണൂരിൽ നിന്നും വരികയായിരുന്നു. വള്ളിയൂർക്കാവിനടുത്ത് വെച്ച് ജീപ്പ് നിയന്ത്രണം വിട്ട് ആൽമരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. സിപിഒമാരായ കെ ബി പ്രശാന്ത്, ജോളി സാമുവൽ, വി കൃഷ്ണൻ, പ്രതിയായ തലശ്ശേരി മാഹി സ്വദേശി പ്രബീഷ് എന്നിവർക്ക് പരുക്കേറ്റു.
വള്ളിയൂർക്കാവ് തോട്ടുങ്കൽ ശ്രീധരൻ (65) എന്ന വഴിയോര കച്ചവടക്കാരനാണ് മരിച്ചത്. ജീപ്പ് ഇടിച്ച ശ്രീധരനെ ഗുരുതര പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഴയെ തുടർന്ന് റോഡ് നനഞ്ഞിരുന്നതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ചേമ്പ് വിൽപ്പന നടത്തിക്കൊണ്ടിരുന്ന ശ്രീധരനെ ജീപ്പ് ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. അപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
പോലീസ് ജീപ്പിന്റെ അമിത വേഗതയും തേഞ്ഞ ടയറുകളുമാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജീപ്പ് മാറ്റുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ആർഡിഒ ഉടൻ സ്ഥലത്തെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Story Highlights: A police jeep overturned in Mananthavady, resulting in the death of a roadside vendor.