വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതിയായ അഫാനുമായി പോലീസ് നടത്തിയ തെളിവെടുപ്പ് പൂർത്തിയായി. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂടിലെ കടയിലും പ്രതിയെ എത്തിച്ചു. കടയുടമ അഫാനെ തിരിച്ചറിഞ്ഞതായി പോലീസ് സ്ഥിരീകരിച്ചു. അഫാന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ വൈകിട്ട് നാലുമണിയോടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
പിതൃമാതാക്കളെ കൊലപ്പെടുത്തിയ ശേഷം അവരുടെ മാല പണയം വെച്ച സ്ഥാപനത്തിലും പോലീസ് തെളിവെടുപ്പ് നടത്തി. തുടർന്ന്, കൊലപാതകത്തിനുപയോഗിച്ച ചുറ്റിക ഒളിപ്പിക്കാൻ ഉപയോഗിച്ച ബാഗ് വാങ്ങിയ കടയിലും പ്രതിയെ എത്തിച്ചു. ഈ സമയത്ത് സ്ഥലത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. വൻ പോലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് നടന്നത്.
കഴിഞ്ഞ ദിവസം അഫാനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തിരുന്നു. അഫാന്റെ പെരുമലയിലെ വീട്ടിലും പിതൃമാതാവ് സൽമാ ബീവിയുടെ വീട്ടിലും എത്തിച്ചാണ് പാങ്ങോട് പോലീസ് തെളിവെടുപ്പ് നടത്തിയത്. നിലവിൽ പാങ്ങോട് പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതിയുള്ളത്.
പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് പ്രതിയെ മാറ്റുക. അവധിക്കുശേഷം കോടതി വീണ്ടും ചേരുമ്പോൾ കിളിമാനൂർ പോലീസ് കേസിൽ കസ്റ്റഡി അപേക്ഷ നൽകും. ഇത് പരിഗണിച്ചതിനു ശേഷമായിരിക്കും മറ്റ് നടപടികൾ സ്വീകരിക്കുക. അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കി പാങ്ങോട് പോലീസ് സ്റ്റേഷനിലേക്ക് മടങ്ങി.
Story Highlights: Police complete evidence gathering with Venjaramoodu murder accused Afan.