ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായതോടെ എക്സൈസ് വകുപ്പ് ക്ഷേത്ര പരിസരത്തെ കടകളിൽ മിന്നൽ പരിശോധന നടത്തി. വനിതാ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടന്നത്. മേടമുക്ക് പരിസരത്ത് നിന്നും ബൈക്കിലെത്തിയ രണ്ടുപേരിൽ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടി.
പരിശോധന കർശനമാക്കുമെന്ന് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കുമാർ അറിയിച്ചു. പൊങ്കാലയ്ക്ക് എത്തുന്ന ഭക്തർക്ക് ശുദ്ധജലവും കേടില്ലാത്ത ഭക്ഷണവും ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പരിശോധനകൾ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്ത് ദിവസത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. ഫെബ്രുവരി 13ന് രാവിലെ 10.15ന് അടുപ്പുവെട്ടും ഉച്ചയ്ക്ക് 1.15ന് പൊങ്കാല നിവേദ്യവും നടക്കും. 14ന് രാവിലെ 8ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 10ന് കാപ്പഴിക്കും.
പുലർച്ചെ ഒന്നിന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. ഫെബ്രുവരി 9ന് വൈകിട്ട് 6ന് ക്ഷേത്രത്തിന് മുന്നിൽ നടൻ ജയറാം നയിക്കുന്ന പഞ്ചാരിമേളം അരങ്ങേറും. 101 കലാകാരന്മാർ പഞ്ചാരിമേളത്തിൽ പങ്കെടുക്കും.
പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്ന രീതിയിൽ ക്രമീകരണങ്ങൾ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. എല്ലാ വകുപ്പുകളും ആവശ്യമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉത്സവം നല്ല രീതിയിൽ നടക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
Story Highlights: Excise department conducted surprise inspections at shops near Attukal temple as the Attukal Pongala festival commenced.