ഒറ്റപ്പാലത്ത് സഹപാഠിയുടെ മർദ്ദനത്തിൽ മൂക്കിന് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി സാജന്റെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ മാസം 19-നാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത് പോലെ, ക്ലാസ് മുറിയിൽ ബെഞ്ചിൽ ഇരിക്കുകയായിരുന്ന സാജനോട് കിഷോർ തർക്കിക്കുകയും തുടർന്ന് കൂട്ടയടി നടക്കുകയും ചെയ്തു. ഇതിനിടെയാണ് സാജന്റെ മൂക്കിൽ കിഷോർ ആഞ്ഞിടിക്കുന്നത്. കണ്ണിനും മൂക്കിനും ഇടയിലായി രണ്ടര സെന്റീമീറ്ററിലധികം വലിപ്പമുള്ള മുറിവ് സാജനുണ്ട്. ഇന്നലെ രാത്രി മുതൽ പനി പിടിപെട്ടതും ആശങ്ക വർധിപ്പിക്കുന്നു. കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ചാണോ മർദ്ദനം എന്ന സംശയവും കുടുംബം പങ്കുവയ്ക്കുന്നു.
സാജനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കും മാറ്റുകയും ഇന്നലെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പ്രതിയായ സഹപാഠി കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കേസിൽ മകന്റെ മൊഴി പോലും രേഖപ്പെടുത്താതെ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചതിൽ പോലീസ് ഒത്തുകളി നടത്തിയെന്ന് സാജന്റെ കുടുംബം ആരോപിക്കുന്നു. കുട്ടികൾ തമ്മിലുണ്ടായ തർക്കമാണെന്നും നഷ്ടപരിഹാരം നൽകാത്തതിന്റെ പേരിൽ മകനെ കേസിൽ കുടുക്കിയെന്നുമാണ് കിഷോറിന്റെ കുടുംബത്തിന്റെ വാദം.
പ്രതിക്ക് ജാമ്യം നൽകിയ പോലീസ് നടപടിയിൽ അതിരൂക്ഷമായ പ്രതിഷേധമാണ് സാജന്റെ കുടുംബം ഉയർത്തുന്നത്. തെല്ലും കുറ്റബോധമില്ലാതെ പ്രതി ഉത്സവപ്പറമ്പുകളിൽ കൊട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പോലീസ് നടപടിക്കെതിരെ തുടർ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സാജന്റെ കുടുംബം. വാക്കുതർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് വിവരം.
Story Highlights: A student in Ottappalam suffered serious injuries to his nose after being assaulted by a classmate.