താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ മരിച്ച മുഹമ്മദ് ഷഹബാസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. വലതു ചെവിയുടെ മുകളിലായി തലയോട്ടിക്ക് ഗുരുതരമായ പരിക്കേറ്റതായി റിപ്പോർട്ടിൽ പറയുന്നു. നഞ്ചക്ക് ഉപയോഗിച്ചുള്ള അടിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെയും താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെയും വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് വഴിവെച്ചത്.
വ്യാഴാഴ്ച മൂന്ന് തവണയായിട്ടാണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. ആദ്യ ഏറ്റുമുട്ടലിൽ തന്നെയാണ് ഷഹബാസിന് ഗുരുതരമായി മർദ്ദനമേറ്റത്. നഞ്ചക്കും ഇടിവളയും ഉപയോഗിച്ചാണ് ഷഹബാസിനെ ആക്രമിച്ചത്. വട്ടം ചുറ്റി നിന്നാണ് വിദ്യാർത്ഥികൾ ഷഹബാസിനെ ആക്രമിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
കൊലക്കുറ്റം ചുമത്തപ്പെട്ട വിദ്യാർത്ഥികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കി. തുടർന്ന് ഇവരെ വെള്ളിമാട് കുന്നിലെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ എഴുതാൻ ഇവർക്ക് അനുമതി ലഭിക്കും. സംഘർഷത്തിൽ മുതിർന്നവരുടെ പങ്കാളിത്തത്തെക്കുറിച്ച് ഷഹബാസിന്റെ രക്ഷിതാക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
Story Highlights: A student died after a clash in Thamarassery, Kerala, and the post-mortem report reveals a fatal head injury.