താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് മരണത്തിന് കീഴടങ്ങി. വട്ടോളി എം ജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ഷഹബാസ്, താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകനാണ്. ട്യൂഷൻ സെന്ററിലെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലർച്ചെ 12.30നാണ് മരണം സ്ഥിരീകരിച്ചത്.
ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ, മകനെതിരെയുള്ള ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് നടത്തിയതെന്നും ആരോപിച്ചു. ഞായറാഴ്ച നടന്ന ട്യൂഷൻ സെന്ററിലെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തർക്കം വ്യാഴാഴ്ച വീണ്ടും ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിൽ ചില ഇൻസ്റ്റാഗ്രാം ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്.
“ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, കണ്ണൊന്ന് പോയി നോക്ക്” എന്നും “കൂട്ടത്തല്ലിൽ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ല, കേസെടുക്കില്ല പോലീസ്” എന്നുമൊക്കെ അക്രമിസംഘത്തിൽപ്പെട്ടവർ പരസ്പരം സംസാരിക്കുന്ന ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ ഷഹബാസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Highlights: A 10th-grade student died in Thamarassery after a clash with fellow students, allegedly over a farewell party dispute.