വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ ഇന്ന് റിമാൻഡ് ചെയ്യും. തിങ്കളാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. നെടുമങ്ങാട് മജിസ്ട്രേറ്റ് വൈകുന്നേരം 4.30ഓടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തും. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷം മെഡിക്കൽ കോളജ് ആശുപത്രി സെല്ലിലേക്കോ ജയിലിലെ ആശുപത്രിയിലേക്കോ മാറ്റുന്ന കാര്യത്തിൽ മജിസ്ട്രേറ്റ് തീരുമാനമെടുക്കും.
വെഞ്ഞാറമൂട്ടിലെ കൊലപാതക പരമ്പര മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് അരങ്ങേറിയത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് അഫാൻ മാതാവ് ഷെമിയെ ഷാൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഷെമിയെ മുറിയിൽ പൂട്ടിയിട്ട് പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. മുത്തശ്ശിയുടെ സ്വർണ മോതിരം നേരത്തെ പണയം വെച്ചിരുന്ന അഫാൻ കൂടുതൽ സ്വർണം ആവശ്യപ്പെട്ടെങ്കിലും നൽകാതിരുന്നതിനെ തുടർന്നാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന.
മുത്തശ്ശിയുടെ മാല കവർന്ന് വെഞ്ഞാറമൂട്ടിൽ പണയം വെച്ച ശേഷം, ചുള്ളാളത്തുള്ള പിതാവിന്റെ സഹോദരൻ ലത്തീഫിനെ ഫോണിൽ വിളിച്ചു. അവിടെയെത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി. സാമ്പത്തികമായി സഹായിക്കാതിരുന്നതാണ് ഇവരെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ പെൺസുഹൃത്ത് ഫർസാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. സ്വന്തം വീട്ടിലെത്തിയ ശേഷം പെൺസുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തിയ അഫാൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്ന് തെളിവെടുപ്പ് നടക്കില്ല.
Story Highlights: Afaan, accused in the Venjaramoodu multiple murders, will be remanded today.