വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, അഫാന്റെ മാതാവ് ഷമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്ന് മൊഴിയെടുക്കാൻ സാധിക്കില്ലെന്ന് വ്യക്തമായി. സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഷമിക്ക് ഇതുവരെ സംസാരിക്കാൻ കഴിയുന്നില്ല. 72 മണിക്കൂർ കഴിയാതെ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയില്ലെന്ന് ഡോക്ടർമാർ പോലീസിനോട് വ്യക്തമാക്കി.
ഷമിയുടെ മുഖത്ത് ചുറ്റിക കൊണ്ടുള്ള ഇടിയിൽ മുറിവുകളും പൊട്ടലുകളുമുണ്ട്. നാളെ ഷമിയുടെ മൊഴി രേഖപ്പെടുത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കൂട്ടക്കൊലപാതകത്തിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതി അഫാന്റെ ഫോണിലെ ഗൂഗിൾ സെർച്ച് ഹിസ്റ്ററി പരിശോധിക്കും.
അഫാന്റെയും ഷമിയുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി അഫാൻ മൊഴി നൽകിയിരുന്നു. ഇക്കാര്യം സോഷ്യൽ മീഡിയയിൽ തെരഞ്ഞിരുന്നോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. സൈബർ പൊലീസിന് അന്വേഷണ സംഘം ഇതുസംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.
സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നെന്നും ഉമ്മയുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും അഫാൻ പോലീസിനോട് പറഞ്ഞു. സ്വയം മരിക്കാൻ ധൈര്യമില്ലെന്ന് ഉമ്മ പറഞ്ഞതിനെ തുടർന്ന് ഷാൾ ഉപയോഗിച്ച് ഉമ്മയുടെ കഴുത്ത് ഞെരിച്ചെന്നും അഫാൻ പറഞ്ഞു. ഉമ്മ മരിച്ചില്ലെന്ന് കണ്ട് വെഞ്ഞാറമൂട് എത്തി ഹാമർ വാങ്ങി വന്ന് ഉമ്മയുടെ തലയ്ക്ക് അടിച്ചുവെന്നും അഫാൻ മൊഴി നൽകി.
തുടർന്ന് പാങ്ങോട് എത്തി അമ്മുമ്മയെ കൊലപ്പെടുത്തിയെന്നും പണം ആവശ്യമായി വന്നപ്പോൾ അമ്മൂമ്മ മാല ചോദിച്ചിട്ട് നൽകിയില്ലെന്നും അഫാൻ പറഞ്ഞു. അച്ഛന്റെ സഹോദരൻ ലത്തീഫ് സാമ്പത്തിക പ്രതിസന്ധിയിൽ സഹായിച്ചില്ലെന്നും അഫാൻ മൊഴിയിൽ പറയുന്നു. ഭാഗം വയ്ക്കലടക്കം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലത്തീഫിനെയും ഭാര്യയെയും കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞു.
സ്നേഹിച്ച പെൺകുട്ടി ഒറ്റയ്ക്ക് ആകണ്ട എന്ന് കരുതിയാണ് അവളെയും വീട്ടിൽ എത്തിച്ചു കൊലപ്പെടുത്തിയതെന്നും താൻ മരിക്കാൻ വേണ്ടിയാണ് എലിവിഷം കഴിച്ചതെന്നും അഫാൻ പറഞ്ഞു. പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ പറയുവാൻ തോന്നിയെന്നും അഫാൻ മൊഴി നൽകി. എന്നാൽ അഫാന്റെ മൊഴി വിശ്വാസിയോഗ്യമല്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Story Highlights: Police investigate digital evidence in Venjaramoodu multiple murder case as the accused’s mother remains unable to give a statement.