വെഞ്ഞാറമൂട് മുക്കുന്നൂരിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതക പരമ്പരയിൽ നാട്ടുകാർ ഇപ്പോഴും നടുക്കത്തിലാണ്. ട്യൂഷനെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 22 കാരിയായ ഫർസാനയ്ക്ക് സ്വന്തം വീട്ടിലേക്ക് ഒരു മടക്കമില്ലെന്ന് അറിയില്ലായിരുന്നു. അഞ്ചൽ സെൻറ് ജോൺസ് കോളേജിലെ എംഎസ്\u200cസി വിദ്യാർത്ഥിനിയായിരുന്ന ഫർസാന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു. പിതാവ് സുനിൽ വെഞ്ഞാറമൂട്ടിൽ അലൂമിനിയം ഫാബ്രിക്കേഷൻ കട നടത്തുകയാണ്.
സ്കൂൾ കാലം മുതൽക്കേ പഠനത്തിൽ മിടുക്കിയായിരുന്ന ഫർസാന ബിരുദവും ബിരുദാനന്തര ബിരുദവും നേടി. നാട്ടുകാർക്ക് വളരെ പ്രിയപ്പെട്ടവളായിരുന്ന ഫർസാന ആറുവർഷം മുമ്പാണ് കുടുംബത്തോടൊപ്പം മുക്കുന്നൂരിൽ താമസം തുടങ്ങിയത്. ചുറ്റുവട്ടത്തെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നതിനിടെയാണ് അഫ്സാനുമായി ഫർസാനയ്ക്ക് പരിചയമുണ്ടാകുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.
വൈകുന്നേരം മൂന്നരയോടെ ട്യൂഷനെടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് ഫർസാന വീട്ടിൽ നിന്നിറങ്ങിയത്. ബൈക്കുമായെത്തിയ അഫ്സാനൊപ്പം വെഞ്ഞാറമൂട്ടിലെ പ്രതിയുടെ വീട്ടിലേക്കാണ് ഫർസാന പോയത്. സാമ്പത്തിക തർക്കത്തെ തുടർന്ന് അഫാൻ ആദ്യം ആക്രമിച്ചത് മാതാവ് ഷെമിയെയാണ്.
ഷെമിയുടെ കഴുത്തിൽ ഷാൾ കുരുക്കി നിലത്തേക്ക് എറിഞ്ഞു തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. മാതാവ് മരിച്ചുവെന്ന് കരുതി മുറിക്കുള്ളിൽ പൂട്ടിയ ശേഷം പാങ്ങോടുള്ള പിതൃമാതാവ് സൽമാ ബീവിയുടെ വീട്ടിലേക്ക് അഫാൻ പോയി. ആഭരണം ചോദിച്ചുണ്ടായ തർക്കത്തിനിടെ സൽമയെ ഭിത്തിയിൽ തലയിടിപ്പിച്ചു കൊലപ്പെടുത്തി.
അവിടെ നിന്നും ആഭരണവുമായി വെഞ്ഞാറമൂട്ടിൽ എത്തി പണയം വെച്ചു. പിതൃസഹോദരൻ ലത്തീഫ് ഉച്ചയ്ക്ക് 12 മണിയോടെ വിളിച്ചപ്പോൾ വെഞ്ഞാറമൂട് ബസ് സ്റ്റാൻഡ് പരിസരത്തെ ഹാർഡ്വെയർ സ്റ്റോറിൽ നിന്നും ചുറ്റിക വാങ്ങി ചുള്ളാളത്തെ ജിസ്\u200cന മൻസിലിലെത്തി ലത്തീഫിനെയും ഭാര്യ സജിതയെയും കൊലപ്പെടുത്തി. വിദേശത്തായിരുന്ന അഫാന്റെ പിതാവിന് പകരം കുടുംബകാര്യങ്ങൾ നോക്കിയിരുന്നത് ലത്തീഫായിരുന്നു.
ചുറ്റിക കൊണ്ട് 20 ഓളം തവണ അടിച്ചാണ് ലത്തീഫിനെ ക്രൂരമായി കൊലപ്പെടുത്തിയത്. വീടിന്റെ ഹാളിൽ സോഫയിലിരിക്കുന്ന നിലയിലും സജിതയെ അടുക്കളയിൽ രക്തത്തിൽ കുളിച്ച നിലയിലുമാണ് പൊലീസ് കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെ നിലയിൽ കസേരയിലിരിക്കുന്ന നിലയിലാണ് ഫർസാനയുടെ മൃതദേഹം കണ്ടെത്തിയത്.
ഫർസാനയുടെ നെറ്റിയിലും മുഖത്തും ചുറ്റികകൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ചുറ്റിക ഉപയോഗിച്ച് ആഴത്തിൽ മുറിപ്പെടുത്തിയതാണ് മരണകാരണം. അവസാനം കൊലപ്പെടുത്തിയത് കളിസ്ഥലത്തുനിന്ന് കുഴിമന്തി കഴിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയ സഹോദരൻ അഫ്സാനെയാണ്. അഫ്സാന്റെ തലയ്ക്ക് ചുറ്റും മുറിവുകളുണ്ടെന്നും തലയുടെ പിറകിലും ചെവിയിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ആളുകളുമായി അധികം ഇടപഴകാത്തയാളാണെങ്കിലും വലിയ കുഴപ്പക്കാരനായി ആരും കണ്ടിട്ടില്ലാത്ത അഫാൻ ഇത്രയും ഹീനകൃത്യം ചെയ്തതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.