കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് സ്ഥാപിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. കുണ്ടറ സ്വദേശി രാജേഷും പെരുമ്പുഴ സ്വദേശി അരുണുമാണ് അറസ്റ്റിലായത്. ഇരുവരെയും ഇന്ന് റെയിൽവേ പോലീസിന് കൈമാറുമെന്നാണ് വിവരം. കുണ്ടറ ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തുള്ള റെയിൽവേ പാളത്തിന് കുറുകെയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ പ്രദേശവാസികളാണ് റെയിൽവേ ട്രാക്കിൽ പോസ്റ്റ് കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മദ്യലഹരിയിൽ ചെയ്തതാണെന്നും ആക്രിക്കടയിൽ കൊടുക്കാനാണ് ടെലിഫോൺ പോസ്റ്റ് എടുത്തതെന്നുമാണ് പ്രതികളുടെ മൊഴി.
എഴുകോൺ പോലീസ് സ്ഥലത്തെത്തി ഇരുമ്പ് പോസ്റ്റ് നീക്കം ചെയ്തു. എന്നാൽ പോലീസ് പോയതിന് പിന്നാലെ വീണ്ടും മൂന്ന് മണിയോടെ പാളത്തിൽ പോസ്റ്റ് വീണ്ടും പ്രത്യക്ഷപ്പെട്ടു. വൻ അപകടം തലനാരിഴയ്ക്ക് ഒഴിവായെന്നാണ് വിലയിരുത്തൽ. പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്ന് പോലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ മൊഴിയുടെ സത്യാവസ്ഥയും അന്വേഷിക്കും. പെരുമ്പുഴ സ്വദേശി അരുൺ നേരത്തെ പൊലീസിനെ അക്രമിച്ച കേസിലും പ്രതിയാണ്.
Story Highlights: Two arrested for placing telephone pole across railway tracks in Kundara, Kollam.