ഡാനിഷ് സിദ്ദിഖിയുടെ മരണം; താലിബാൻ പിന്തുടർന്ന് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്.

Anjana

ഡാനിഷ്സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്‌
ഡാനിഷ്സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്‌
Photo Credit: PTI


വിഖ്യാത ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. പുലിറ്റ്സർ പുരസ്കാര ജേതാവായ ഡാനിഷ് സിദ്ദിഖി(38) പ്രമുഖ മാധ്യമമായ റോയിട്ടേഴ്സിലാണ് സേവനമനുഷ്ഠിച്ചിരുന്നത്.

താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള സംഘർഷത്തിലാണ് ഡാനിഷ് സിദ്ദിഖി മരിച്ചതെന്നായിരുന്നു വാർത്തകൾ. എന്നാൽ താലിബാൻ സൈന്യം അദ്ദേഹത്തെ പിന്തുടർന്നു കണ്ടെത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് അമേരിക്കൻ മാസിക വാഷിംഗ്ടൺ എക്സാമിനർ പ്രസിദ്ധീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് താലിബാനും അഫ്‌ഘാനിസ്ഥാനും തമ്മിലുള്ള സംഘർഷം റിപ്പോർട്ട് ചെയ്യാനാണ് ഇദ്ദേഹം അതിർത്തി പ്രദേശത്തേക്ക് പോയത്.

എന്നാൽ കസ്റ്റംസ് പോസ്റ്റ് കടന്നതും താലിബാൻ ആക്രമിച്ചു. ഇതോടെ അഫ്ഗാൻ സൈന്യത്തിന് കൂട്ടം തെറ്റുകയായിരുന്നു. ഡാനിഷ് സിദ്ദിഖി ഉൾപ്പെട്ട സൈന്യം പ്രദേശത്തെ മോസ്കിൽ അഭയംതേടി.

എന്നാൽ ഇദ്ദേഹം മോസ്കിൽ ഉണ്ടെന്നറിഞ്ഞതോടെയാണ് മോസ്ക് വരെ ആക്രമിച്ച് താലിബാൻ ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയതെന്ന് വാഷിംഗ്ടൺ എക്സാമിനർ റിപ്പോർട്ട് പറയുന്നു.

ഡാനിഷ് സിദ്ദിഖിയെ താലിബാൻ സൈന്യം പിടികൂടുമ്പോൾ ജീവനുണ്ടായിരുന്നെന്നും തലയ്ക്കു ചുറ്റും അടിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് അഫ്ഗാൻ സൈന്യത്തിലെ മറ്റുള്ളവരും കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഡാനിഷ് സിദ്ദിഖിയെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത് യുദ്ധ നിയമങ്ങൾ പാലിക്കാൻ തയ്യാറല്ലെന്ന താലിബാന്റെ നിലപാട് വ്യക്തമാക്കുന്നെന്നും റിപ്പോർട്ടിൽ പരാമർശിച്ചു.

Story Highlights: Danish Siddiqui was killed by taliban.