നെന്മാറയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മുൻവൈരാഗ്യം മൂലം ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രതിക്ക് മനസ്താപമില്ലെന്നും കൃത്യം നടത്തിയതിന്റെ സന്തോഷത്തിലാണെന്നും പോലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കൊലപാതകത്തിനായി ദിവസങ്ങൾക്ക് മുൻപ് തന്നെ കൊടുവാൾ വാങ്ങി സൂക്ഷിച്ചിരുന്നതായി പോലീസ് പറയുന്നു. എവഞ്ചേരിയിൽ നിന്നാണ് കൊടുവാൾ പണിയിച്ചെടുത്തത്. കൊടുവാലിലെ മരപ്പിടി സ്വയം ഉണ്ടാക്കിയതാണെന്നും പോലീസ് കണ്ടെത്തി. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമണം നടത്തിയത്.
സുധാകരന്റെ കുടുംബത്തെ അകറ്റാൻ കാരണം സുധാകരനും അമ്മയുമാണെന്ന് പ്രതി വിശ്വസിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. അയൽവാസികൾക്ക് നേരെ നിരന്തര വധഭീഷണി മുഴക്കിയിരുന്നതായും പോലീസ് വ്യക്തമാക്കി. സാക്ഷികൾക്കും സുധാകരന്റെ രണ്ട് പെൺമക്കൾക്കും ഭീഷണിയുള്ളതിനാൽ പ്രതിയെ ജയിലിൽ അടയ്ക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സുധാകരനെ കൊടുവാൾ കാട്ടി ബൈക്ക് തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്. ഇരു കാലുകളുടെയും പിൻഭാഗത്തും കഴുത്തിനു പിന്നിലും വെട്ടിവീഴ്ത്തിയ ശേഷം മുഖത്തും വലതുകൈയിലും മാരകമായി വെട്ടുകയായിരുന്നു. സുധാകരന്റെ നിലവിളി കേട്ട് പുറത്തിറങ്ങിയ അമ്മ ലക്ഷ്മിയെയും പ്രതി വെട്ടിപ്പരിക്കേൽപ്പിച്ചു.
കൃത്യത്തിന് ശേഷം പോത്തുണ്ടി മലയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്നും എല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നും പ്രതി കോടതിയിൽ പറഞ്ഞു. 100 വർഷം തന്നെ ശിക്ഷിക്കണമെന്നും മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര പറഞ്ഞു.
Story Highlights: The accused in the Nenmara double murder case has been remanded in judicial custody for 14 days.