ഷാരോണിന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ ക്രൂരത വെളിവാക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്. 2022 ഒക്ടോബർ 14-ന് ഗ്രീഷ്മയുടെ വീട്ടിലേക്ക് ഷാരോണിനെ വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലർത്തി നൽകിയാണ് കൊലപാതകം നടത്തിയത്. അമ്മ വിവാഹത്തിന് പോകുമെന്നും വീട്ടിലേക്ക് വരാനും ഗ്രീഷ്മ ഷാരോണോട് ചാറ്റിൽ പറഞ്ഞിരുന്നു. രാവിലെ പത്തരയോടെയാണ് ഷാരോൺ ഗ്രീഷ്മയുടെ വീട്ടിലെത്തിയത്.
അരമണിക്കൂറോളം സമയം ഇരുവരും ഒരുമിച്ച് ചെലവഴിച്ചു. തുടർന്ന് ‘കഷായം കുടിക്കാമെന്ന് ചലഞ്ച് ചെയ്തതല്ലേ, ദാ ഇരിക്കുന്നു, കുടിക്ക്’ എന്നു പറഞ്ഞുകൊണ്ട് ഗ്രീഷ്മ ഷാരോണിന് കഷായം നൽകി. കഷായത്തിന്റെ കയ്പ്പും ചവർപ്പും ഷാരോൺ പറഞ്ഞപ്പോൾ ഗ്രീഷ്മ ജ്യൂസ് നൽകി. ജ്യൂസ് കുടിച്ച ഉടൻ ഷാരോൺ ഛർദ്ദിച്ചു.
ശാരീരിക അസ്വസ്ഥതകളോടെയാണ് ഷാരോൺ അവിടെ നിന്ന് മടങ്ങിയത്. സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങുമ്പോഴും ഷാരോൺ ഛർദ്ദിച്ചു. ഗ്രീഷ്മ തന്നെ ചതിച്ചുവെന്ന് ഷാരോൺ സുഹൃത്തിനോട് പറഞ്ഞു. ഗൂഗിളിൽ തിരഞ്ഞാണ് കഷായക്കൂട്ടും കളനാശിനിയെക്കുറിച്ചുമുള്ള വിവരങ്ങൾ ഗ്രീഷ്മ ശേഖരിച്ചത്. ഷഡാങ്ക പാനീയത്തിൽ കളനാശിനി ചേർത്താണ് കഷായം തയ്യാറാക്കിയത്.
ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ നേരത്തെയും ഗൂഗിളിൽ തിരഞ്ഞിരുന്നു. ചില ഗുളികകൾ ജ്യൂസിൽ കലർത്തി നൽകിയെങ്കിലും ഫലമുണ്ടായില്ല. പെട്ടെന്ന് മരണം സംഭവിക്കാത്ത മാർഗ്ഗമെന്ന നിലയിലാണ് കളനാശിനി ഉപയോഗിക്കാൻ ഗ്രീഷ്മ തീരുമാനിച്ചത്.
Story Highlights: Greeshma poisoned Sharon with a concoction laced with herbicide after luring him to her home under the pretext of her mother’s absence.