താമരശ്ശേരിയിൽ അമ്മയെ മകൻ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. സുബൈദയ്ക്ക് ഇരുപതിലധികം വെട്ടേറ്റതായും മുറിവുകൾ ആഴത്തിലുള്ളതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. തലയ്ക്കും കഴുത്തിനുമാണ് കൂടുതൽ വെട്ടേറ്റത്. ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ആഷിഖ് അമ്മയെ കാണാനെത്തിയപ്പോഴാണ് കൊല നടത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം നടന്നത്. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ഇവിടെയെത്തിയാണ് ലഹരിക്ക് അടിമയായ പ്രതി ആഷിഖ് തന്റെ മാതാവായ സുബൈദയെ കൊലപ്പെടുത്തിയത്.
ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റുപോയ നിലയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. 53 വയസായിരുന്നു സുബൈദയ്ക്ക്. 25 കാരനായ ആഷിഖ് ബെംഗളൂരു ഡി അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു.
“ജന്മം നൽകിയതിനുള്ള ശിക്ഷ താൻ നടപ്പാക്കി” എന്നായിരുന്നു മകൻ ആഷിഖ് കൊലപാതകത്തിന് ശേഷം നാട്ടുകാരോട് പറഞ്ഞത്. അടിവാരം സ്വദേശിയായ സുബൈദയാണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീട്ടിലെ ഡൈനിങ് ഹാളിൽ മാതാവിനെ കഴുത്ത് അറുത്ത് കൊന്നശേഷം രക്തംപുരണ്ട കൈയുമായി ആഷിഖ് നിൽക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാർ പറയുന്നു.
ആക്രമണത്തിന് ശേഷം വീടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തേങ്ങ പൊളിക്കാനാണെന്ന് പറഞ്ഞ് മുഹമ്മദ് ആഷിഖ് അടുത്ത വീട്ടിൽ നിന്ന് വാങ്ങിയ കൊടുവാൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.
Story Highlights: A son brutally murdered his mother in Thamarassery, Kerala, inflicting over 20 wounds, primarily to the head and neck, as revealed by the post-mortem report.