നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണം സ്വാഭാവികമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. മൂന്നംഗ ഫോറൻസിക് സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. മുതിർന്ന ഫോറൻസിക് സർജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗോപൻ സ്വാമിയുടെ മൃതദേഹം സമാധി സ്ഥലത്തേക്ക് മാറ്റിയത് മരണശേഷമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശത്തിൽ മറ്റ് വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആന്തരികാവയവങ്ങളിൽ രാസവസ്തുക്കളുടെ സാന്നിധ്യമില്ലെന്നും ഫോറൻസിക് സംഘം സ്ഥിരീകരിച്ചു.
ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് സമാധി കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കല്ലറയിൽ ഭസ്മവും പൂജാദ്രവ്യങ്ങളും കണ്ടെത്തിയിരുന്നു. ആദ്യം കല്ലറയുടെ മുകൾ ഭാഗം മാത്രമാണ് പൊളിച്ചത്. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വിഷാംശ പരിശോധനക്കായി ആന്തരികാവയവങ്ങളുടെ സാമ്പിളുകളും ഡിഎൻഎ പരിശോധനക്കായി മാതൃകകളും ശേഖരിച്ചിട്ടുണ്ട്. ഡിഎൻഎ പരിശോധനയിലൂടെ മരിച്ചത് ഗോപൻ സ്വാമി തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. രാസപരിശോധനാ റിപ്പോർട്ട് ഉൾപ്പെടെ ഇനിയും ലഭിക്കാനുണ്ട്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാത്രമാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്.
മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ ആശുപത്രിയിലുണ്ട്. നിലവിൽ മറ്റ് പൊലീസ് നടപടികൾ ഉണ്ടാകില്ലെന്നാണ് വിവരം. അസ്വാഭാവിക മരണത്തിന്റെ സാധ്യത പൂർണമായും തള്ളിക്കളയുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴുത്ത് വരെ ഭസ്മം ഇട്ട നിലയിലായിരുന്നു മൃതദേഹം. ശരീരം അഴുകിയ നിലയിലുമായിരുന്നു.
Story Highlights: Gopan Swami’s death deemed natural in preliminary postmortem report, further tests underway.