മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി സ്ത്രീ സരോജിനിയുടെ സംസ്കാരം ഇന്ന് ഉച്ചക്കുളം പൊതുശ്മശാനത്തിൽ നടക്കും. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹം ഇന്നലെ രാത്രി നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാവിലെ ഏഴരയോടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി ഒമ്പത് മണിയോടെ സംസ്കാരം നടത്തും.
വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചിരുന്നു. സബ് കളക്ടർ നേരിട്ടെത്തി ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. നിലമ്പൂർ നിയോജകമണ്ഡലത്തിൽ ഇന്ന് എസ്ഡിപിഐ ഹർത്താൽ ആചരിക്കും.
ഇന്നലെ രാവിലെ പോത്തിനെ മേയ്ക്കാനായി വനത്തിൽ പോയ സരോജിനിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഉച്ചക്കുളം ആദിവാസി ഊരിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്. വന വിഭവ ശേഖരണത്തിനായി കാടിനുള്ളിൽ പോയ സരോജിനി കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെട്ടു എന്നും റിപ്പോർട്ടുണ്ട്.
സംഭവസ്ഥലത്ത് വെച്ച് തന്നെ സരോജിനി മരിച്ചു. രണ്ടാഴ്ച മുൻപ് നിലമ്പൂർ കരുളായിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ നാട്ടുകാരിൽ ഭീതിയും ആശങ്കയും സൃഷ്ടിക്കുന്നു.
മൂത്തേടം കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ വന്യജീവികളിൽ നിന്നുള്ള ഭീഷണി വീണ്ടും ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. അധികൃതർ ഇടപെട്ട് പ്രതിഷേധം അവസാനിപ്പിച്ചു.
Story Highlights: Tribal woman Sarojini, killed in a wild elephant attack in Muthaedath, will be cremated today.