പത്തനംതിട്ടയിലെ കൂട്ടബലാത്സംഗ കേസിൽ കൂടുതൽ പ്രതികൾ പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം 46 ആയി ഉയർന്നു. അതിജീവിതയുടെ നാട്ടുകാരനും സഹപാഠിയുമാണ് പുതുതായി അറസ്റ്റിലായത്. മൊത്തം 58 പ്രതികളിൽ 12 പേർ ഇനിയും പിടിയിലാകാനുണ്ട്. ഇതിൽ ഒരാൾ വിദേശത്താണെന്നും പോലീസ് അറിയിച്ചു. പ്രതികൾക്ക് സഹായം നൽകിയവർ, പീഡനത്തിന് കൂട്ടുനിന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ, പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രായപൂർത്തിയാകാത്തവർ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോണിലേക്ക് പലരും അശ്ലീല ദൃശ്യങ്ങൾ അയച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് കൂടുതൽ പേർ പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കി പീഡിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ദളിത് പെൺകുട്ടിക്കെതിരെ നടന്ന ക്രൂരകൃത്യങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 29 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ മഹിളാ മന്ദിരത്തിൽ കഴിയുന്ന പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകിവരുന്നു.
പെൺകുട്ടിയുടെ അച്ഛന്റെ ഫോണിൽ നിന്ന് ലഭിച്ച നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അടൂർ സിജെഎം കോടതിയിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തൽ പൂർത്തിയായി. ഇടയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മൊഴിയെടുക്കൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴികളും പോലീസ് രേഖപ്പെടുത്തി.
2024 ജനുവരിയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി നാലു പേരാൽ കൂട്ടബലാത്സംഗത്തിനിരയായതായി എഫ്ഐആറിൽ പറയുന്നു. പ്രതികളിൽ ഒരാളുടെ ബന്ധു ചികിത്സ തേടിയിരുന്ന ആശുപത്രിയിലേക്ക് പെൺകുട്ടിയെ കാണാൻ എന്ന വ്യാജേന എത്തിച്ചാണ് പീഡിപ്പിച്ചത്. ആശുപത്രിയിലെ ശുചിമുറിയിൽ വെച്ചായിരുന്നു ക്രൂരകൃത്യം. പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ചിലരെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു.
ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചതിന് ശേഷം മാത്രം അറസ്റ്റ് നടപടികളുമായി മുന്നോട്ടുപോകാനാണ് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. ദേശീയ വനിതാ കമ്മിഷൻ പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡിഐജി അജിതാ ബീഗത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.
Story Highlights: 46 arrests made in the Pathanamthitta rape case, with 12 more suspects remaining, including one abroad.