2024 മെയ് 27നാണ് ഷഹാനയും അബ്ദുൽ വാഹിദും വിവാഹിതരായത്. വിവാഹശേഷം വെറും 27 ദിവസങ്ങൾ മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. ഷഹാനയുടെ മരണത്തിന് ഭർത്താവിൽ നിന്നുണ്ടായ മാനസിക പീഡനമാണ് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. കൊണ്ടോട്ടി ഗവ. കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നു ഷഹാന.
ഷഹാനയുടെ നിറത്തിന്റെ പേരിൽ അബ്ദുൽ വാഹിദ് നിരന്തരം അവഹേളിച്ചിരുന്നതായി കുടുംബം പറയുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും വീട്ടിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും ഭർത്താവ് പറഞ്ഞിരുന്നതായി റിപ്പോർട്ടുകളുണ്ട്. വിദേശത്ത് ജോലി ചെയ്തിരുന്ന അബ്ദുൽ വാഹിദ് ഫോണിലൂടെ ഷഹാനയെ അധിക്ഷേപിച്ചിരുന്നതായും ആരോപണമുണ്ട്.
കറുത്ത നിറമായതിനാൽ വെയിൽ കൊള്ളരുതെന്ന് പോലും ഭർത്താവ് പരിഹസിച്ചിരുന്നതായി കുടുംബം പറയുന്നു. വാഹിദിന്റെ വീട്ടുകാർ നേരിട്ട് വന്ന് കണ്ടിട്ടാണ് വിവാഹം ഉറപ്പിച്ചതെന്നും വസ്ത്രങ്ങൾ വാങ്ങാൻ പോലും ഒരുമിച്ചാണ് പോയിരുന്നതെന്നും ബന്ധുക്കൾ പറയുന്നു. വിവാഹമോചന ആവശ്യത്തെ തുടർന്ന് ഷഹാന കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ബന്ധുക്കൾ വെളിപ്പെടുത്തി.
വിവാഹമോചനത്തിന് ശേഷം എന്ത് ചെയ്യുമെന്ന ആശങ്ക ഷഹാന കുടുംബത്തോട് പങ്കുവെച്ചിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഷഹാന മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഷഹാനയുടെ മൃതദേഹം ഖബറടക്കം ചെയ്തു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള് ‘ദിശ’ ഹെല്പ് ലൈനില് വിളിക്കുക. ടോള് ഫ്രീ നമ്പര്: Toll free helpline number: 1056, 0471-2552056)
Story Highlights: Shahana Mumtaz, a newlywed bride, died by suicide in Kondotty allegedly due to mental harassment from her husband.