വർക്കലയിൽ സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടു; ലഹരി മാഫിയക്കെതിരെ പ്രതിഷേധം

Anjana

CPI(M) worker killed Varkala

വർക്കലയിൽ സിപിഐഎം പ്രവർത്തകൻ ഷാജഹാനെ ലഹരി മാഫിയ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. പരസ്യമദ്യപാനവും ലഹരി ഉപയോഗവും തടയാൻ ശ്രമിച്ച ഷാജഹാനെ ചൊവ്വാഴ്ചയാണ് അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഐഎം വെട്ടൂർ പെരുമം ബ്രാഞ്ചംഗവും മത്സ്യത്തൊഴിലാളിയുമായിരുന്നു ഷാജഹാൻ.

കൊലപാതകത്തിന് പിന്നാലെ, മൃതദേഹവുമായി ബന്ധുക്കൾ വർക്കല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ലഹരി മാഫിയക്കെതിരെ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം നടത്തിയത്. സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയി എംഎൽഎ ആവശ്യപ്പെട്ടു. മാഫിയ സംഘത്തിന്റെ രാഷ്ട്രീയബന്ധം പോലീസ് അന്വേഷിക്കണമെന്നും, പ്രതികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെ വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെട്ടൂർ സ്വദേശികളായ ജാസിം, ഹായിസ്, നൂഹ്, സൈയ്ദലി, ആഷിർ എന്നിവരാണ് പ്രതികൾ. പള്ളിയുടെ പരിസരത്ത് ഷെഡ് കെട്ടി മദ്യപാനം നടത്തിയ പ്രതികളെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. പരാതിയെ തുടർന്ന് പോലീസ് എത്തിയപ്പോൾ സംഘം ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ ഷെഡ് അഴിച്ചുമാറ്റി. രണ്ട് ബൈക്കുകളും ലഹരി വസ്തുക്കളും പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിനുശേഷം പള്ളിയിൽ നിസ്കാരം കഴിഞ്ഞ് ബന്ധുവായ റഹ്മാന്റെ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ഷാജഹാനെ തടഞ്ഞുനിർത്തി ആക്രമിച്ചത്. ഇരുമ്പ് കമ്പി ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തിയ ശേഷം വടിവാളും ഇരുമ്പ് കമ്പിയുമായി മാരകമായി ആക്രമിച്ചു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Story Highlights: CPI(M) worker Shajahan killed by drug mafia in Varkala, Kerala; widespread protests erupt

Leave a Comment