മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിന്റെ അക്ഷരമുദ്രയായി അറിയപ്പെടുന്ന എം.ടി. വാസുദേവൻ നായരുടെ കഥാലോകം വായനക്കാരെ കീഴടക്കിയത് അദ്ദേഹത്തിന്റെ ആത്മാംശമുള്ള കഥാപാത്രങ്ങളിലൂടെയാണ്. 1953-ൽ എഴുതിയ ‘വളർത്തുമൃഗങ്ള്’ മുതൽ 1998-ലെ ‘കാഴ്ച’ വരെ നീളുന്ന എം.ടിയുടെ കഥാപ്രപഞ്ചം മലയാള സാഹിത്യത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ചു.
കടുത്ത വൈകാരിക സംഘർഷങ്ങൾ അനുഭവിക്കുന്ന മനുഷ്യരുടെ മാനസികാവസ്ഥകളെ കാവ്യാത്മകവും ഭാവഭദ്രവുമായ രീതിയിൽ അവതരിപ്പിക്കുന്ന എം.ടിയുടെ കഥകൾ കാലാതീതമായി വായനക്കാരുമായി സംവദിച്ചു. 1954-ൽ ‘വളർത്തുമൃഗങ്ങൾ’ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതോടെയാണ് എം.ടി മലയാള വായനക്കാരുടെ പൊതുശ്രദ്ധയിലേക്കെത്തിയത്. തുടർന്ന് ‘ഇരുട്ടിന്റെ ആത്മാവ്’, ‘കുട്ട്യേടത്തി’, ‘ഓപ്പോൾ’ തുടങ്ങിയ കഥകൾ എം.ടിയുടെ കഥാപരിസരത്തെ മലയാളിക്ക് കൂടുതലായി പരിചയപ്പെടുത്തി.
1958-ൽ ‘നാലുകെട്ട്’ എന്ന നോവൽ പുറത്തുവന്നതോടെ, മലയാള സാഹിത്യലോകത്ത് എം.ടി തന്റെ സ്ഥാനം ഉറപ്പിച്ചു. ‘ബന്ധനം’, ‘സ്വർഗം തുറക്കുന്ന സമയം’, ‘ദാർ-എസ്-സലാം’, ‘പെരുമഴയുടെ പിറ്റേന്ന്’ തുടങ്ങി നിരവധി കഥകൾ എഴുതിയ എം.ടി, 1998-ൽ ‘കാഴ്ച’യോടെ തന്റെ കഥാജീവിതം അവസാനിപ്പിച്ചു. തൊണ്ണൂറുകളിൽ ‘വാനപ്രസ്ഥം’, ‘ഷെർലക്’, ‘ചെറിയ ചെറിയ ഭൂകമ്പങ്ങൾ’, ‘ശിലാലിഖിതം’, ‘കൽപാന്തം’ തുടങ്ങിയ കഥകളും പുറത്തുവന്നു.
സ്വന്തം നാടായ കൂടല്ലൂരിലെ ജീവിതാനുഭവങ്ങളേയും രീതികളേയും യാഥാർഥ്യപ്രതീതിയുള്ള കഥാപാത്രങ്ങളിലൂടെ ജീവസുറ്റതാക്കാനുള്ള ശ്രമമാണ് പല ചെറുകഥകളിൽ എം.ടി നടത്തിയത്. വള്ളുവനാടൻ ഭാഷയും സംസ്കാരവും മലയാള സാഹിത്യത്തിന് എം.ടി കൃതികളിലൂടെയാണ് മലയാളി അറിഞ്ഞനുഭവിച്ചത്. എഴുത്തിൽ ആത്മസമർപ്പണത്തിന്റെ രീതിയായിരുന്നു എം.ടിയുടേത്. ഒരു ചെറുകഥ താനുദ്ദേശിച്ച നിലവാരത്തിലേക്ക് എത്തുന്നില്ലെങ്കിൽ ഉപേക്ഷിക്കുമെന്നും, മുമ്പ് എഴുതിയ കഥയേക്കാൾ മെച്ചപ്പെട്ട ഒരു കഥ എഴുതാനായില്ലെങ്കിൽ എഴുതാതിരിക്കുകയാണ് നല്ലതെന്നും എം.ടി വിശ്വസിച്ചിരുന്നു.
Story Highlights: M.T. Vasudevan Nair’s short stories brought characters to life with soul, captivating readers across generations.