ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരണമടഞ്ഞ അഞ്ച് വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകുമെന്നും, തുടർന്ന് വിദ്യാർത്ഥികൾ പഠിച്ചിരുന്ന ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കുമെന്നും അധികൃതർ അറിയിച്ചു.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഒരാൾ സംഭവസ്ഥലത്തും നാലുപേർ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരണത്തിന് കീഴടങ്ങിയത്. അപകടത്തിൽ പരുക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്.
കളർകോട് ജംക്ഷനു സമീപമാണ് അപകടം നടന്നത്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ട യുവാക്കളെ പുറത്തെടുത്തത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ട വാഹനത്തിൽ 11 പേരുണ്ടായിരുന്നെന്ന് ആലപ്പുഴ ആർടിഒ വെളിപ്പെടുത്തി. വാഹനം ഓടിച്ച വിദ്യാർത്ഥിയുമായി സംസാരിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും, സെവൻ സീറ്റർ വാഹനമായിരുന്നു ഇവർ സഞ്ചരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനം ഓവർലോഡ് ആയിരുന്നുവെന്നും ആർടിഒ സ്ഥിരീകരിച്ചു.
Story Highlights: Inquest proceedings for five students killed in Alappuzha car accident underway, bodies to be displayed for public viewing after post-mortem.