തൃശൂർ നാട്ടികയിൽ തടിലോറി പാഞ്ഞുകയറി അഞ്ച് പേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം വി കെ ബീനാകുമാരി തൃശൂർ ജില്ലാ പൊലീസ് മേധാവി (റൂറൽ)ക്ക് 15 ദിവസത്തിനകം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. ചൊവ്വാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന തടിലോറിയാണ് റോഡരികിൽ ഉറങ്ങിക്കിടന്ന നാടോടികളുടെ ദേഹത്തുകൂടി കയറ്റിയിറക്കിയത്.
മദ്യലഹരിയിലായിരുന്ന ക്ലീനറാണ് വാഹനമോടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഡ്രൈവർ ജോസിനും ക്ലീനർ അലക്സിനുമെതിരെ മനപൂർവ്വമായ നരഹത്യക്കുറ്റം ചുമത്തി കേസെടുത്തു. അപകടത്തിന്റെ പശ്ചാത്തലത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെയുള്ള സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു. അപകടമുണ്ടാക്കിയ ലോറി നിർത്താതെ മുന്നോട്ടു പോകുന്നതും നാട്ടുകാർ തടഞ്ഞുനിർത്തുന്നതുമായ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഒരു വയസുള്ള വിശ്വ, നാലുവയസുള്ള ജീവൻ ഉൾപ്പെടെ അഞ്ച് പേരുടെ ജീവനാണ് റോഡിൽ പൊലിഞ്ഞത്. രണ്ട് പേരുടെ നില ഗുരുതരമാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അഞ്ച് ആംബുലൻസും ബന്ധുക്കൾക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക കെഎസ്ആർടിസിയും തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡിന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം മന്ത്രി എം ബി രാജേഷാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
Story Highlights: Human Rights Commission takes suo moto case in Thrissur Nattika accident where five people died