കർണാടകയിലെ കലബുർഗി ജില്ലാ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം പൊലീസ് അന്വേഷിച്ചുവരികയാണ്. നഴ്സുമാരെന്ന വ്യാജേന എത്തിയ രണ്ട് സ്ത്രീകളാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. നവംബർ 25-ന് സെയ്ദ് ചിഞ്ചോലി സ്വദേശികളായ കസ്തൂരി-രാമകൃഷ്ണ ദമ്പതികൾക്ക് ജനിച്ച കുഞ്ഞിനെയാണ് സ്ത്രീകൾ തട്ടിക്കൊണ്ടുപോയത്.
കുഞ്ഞിന്റെ രക്തം പരിശോധിക്കണമെന്ന് പറഞ്ഞാണ് ഇവർ കുഞ്ഞിനെ വാർഡിൽ നിന്നും എടുത്തുകൊണ്ടുപോയത്. സംഭവം ഉണ്ടായ ഉടനെ തന്നെ കുഞ്ഞിന്റെ മാതാപിതാക്കൾ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ട് സ്ത്രീകൾ കുഞ്ഞിനേയും കൊണ്ട് പോകുന്നത് കണ്ടെത്തി.
സംഭവത്തിൽ ബ്രഹ്മപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അതേസമയം, കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുട്ടികൾക്കായുള്ള ആശുപത്രിയിൽ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കുഞ്ഞിനെ പിന്നീട് കണ്ടെത്തുകയും ചെയ്തു.
Story Highlights: Two women posing as nurses kidnap newborn from Karnataka hospital, police investigating