ചണ്ഡീഗഢിലെ സെക്ടര് 26ല് സ്ഥിതി ചെയ്യുന്ന സെവില്ലെ ബാര് ആന്ഡ് ലോഞ്ചിന് നേരെ ബോംബേറ് നടന്നു. പ്രശസ്ത ഗായകനും റാപ്പറുമായ ബാദ്ഷയുടെയും ഡി ഓറ ക്ലബിന്റെയും ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെ പുറത്താണ് സ്ഫോടനം ഉണ്ടായത്. തിങ്കളാഴ്ച രാത്രി രണ്ട് ക്ലബുകള്ക്ക് പുറത്താണ് സ്ഫോടനങ്ങള് നടന്നത്. സംഭവത്തില് ക്ലബുകളുടെ ജനല് ചില്ലുകള് തകര്ന്നു. കൊള്ളയടിക്കാനുള്ള ശ്രമമായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.
സിസിടിവി ദൃശ്യങ്ങളില് ഒരാള് ബോംബെന്ന് സംശയിക്കുന്ന വസ്തുക്കള് ക്ലബുകളിലേക്ക് എറിഞ്ഞ് ഓടിപ്പോകുന്നത് കാണാം. വിവരമറിഞ്ഞ് ചണ്ഡീഗഡ് പൊലീസും സീനിയര് പൊലീസ് സൂപ്രണ്ടും (എസ്എസ്പി) സ്ഥലത്തെത്തി. രണ്ട് ക്ലബുകളിലെയും പങ്കാളികള് തമ്മില് വഴക്കുണ്ടായതായി റിപ്പോര്ട്ടുണ്ട്. കൂടുതല് പോയിന്റുകളില് ഊന്നി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര് പറഞ്ഞു.
39 കാരനായ ബാദ്ഷ ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഹരിയാന്വി ഭാഷകളില് ഗാനങ്ങള് ആലപിക്കുന്നുണ്ട്. കഴിഞ്ഞ വര്ഷം ഡിസംബറിലാണ് അദ്ദേഹം സാഗോ സ്പൈസി സിംഫണി, സൈഡേര എന്നീ സ്ഥാപനങ്ങളുടെ സഹ ഉടമയ്ക്കൊപ്പം സെവില്ലെ റെസ്റ്റോറന്റ് തുറന്നത്. ‘കപൂര് ആന്ഡ് സണ്സ്’, ‘ക്രൂ’ എന്നിവയുള്പ്പെടെ ചില ബോളിവുഡ് ചിത്രങ്ങള്ക്കും അദ്ദേഹം ഗാനങ്ങള് ആലപിച്ചിട്ടുണ്ട്.
Story Highlights: Bomb attack on rapper Badshah’s club in Chandigarh, police suspect robbery attempt