സംസ്ഥാനത്തെ വാട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ടുകൾ. കയ്യിൽ പണമില്ലെന്നും അബദ്ധത്തിൽ അയച്ച ആറക്ക ഒടിപി പിൻ അയച്ചു തരുമോ എന്നും ചോദിച്ചുള്ള സന്ദേശം വഴിയാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ആദ്യം കയ്യിലുള്ള പണം തീർന്നുവെന്നും ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതമാണെന്നും സന്ദേശം അയക്കുന്ന ഹാക്കർമാർ, പിന്നീട് അബദ്ധത്തിൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു ആറക്ക പിൻ അയച്ചിട്ടുണ്ടെന്നും അത് ഫോർവേഡ് ചെയ്യുമോ എന്നും ചോദിക്കും.
ഒടിപി നൽകിയാൽ ഉടൻ തന്നെ തട്ടിപ്പ് സംഘം ഉപയോക്താക്കളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യും. ഇതുവഴി സ്വകാര്യതയിലേക്ക് കടന്നുകയറി, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ തട്ടിയെടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. സ്വകാര്യ വിവരങ്ങൾ കൈക്കലാക്കിയ ശേഷം ഉപയോക്താക്കളെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുക്കുകയാണ് അടുത്ത നീക്കം. നിരവധി പേരാണ് ഈ ചതിക്കുഴിയിൽ അകപ്പെടുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഈ തട്ടിപ്പിലൂടെ സംഘം കൈക്കലാക്കിയിട്ടുള്ളത്.
ഇത്തരം മെസ്സേജുകൾ വാട്സ്ആപ്പിൽ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. അവ്യക്തമായ നമ്പറുകളിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങൾക്ക് ഒരിക്കലും മറുപടി നൽകരുത്. മാത്രമല്ല, അവ്യക്തമായ ലിങ്കുകൾ സന്ദേശത്തിൽ ലഭിച്ചാൽ യാതൊരു കാരണവശാലും അതിൽ ക്ലിക്ക് ചെയ്യരുത്. ഇത്തരം മുൻകരുതലുകൾ സ്വീകരിച്ച് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രദ്ധിക്കണം.
Story Highlights: WhatsApp users in Kerala targeted by scammers using OTP fraud to hack accounts and blackmail victims