തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സ്റ്റാമ്പർ അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷത്തിനിടെ പൊലീസും ഗുണ്ടകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പൊലീസ് നേരത്തെ വിലക്കിയിരുന്നെങ്കിലും 20-ഓളം കുപ്രസിദ്ധ ഗുണ്ടകൾ ഒത്തുകൂടി പാർട്ടി നടത്തുകയായിരുന്നു. ഇതറിഞ്ഞെത്തിയ പൊലീസിനെ പ്രതികൾ വാഹനങ്ങളിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് വടികൊണ്ട് ആക്രമിച്ചു.
ആക്രമണത്തിൽ സിഐ, എസ്ഐ ഉൾപ്പെടെയുള്ള നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ സ്റ്റാമ്പർ അനീഷ് ഉൾപ്പെടെ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഗുണ്ടാ സംഘത്തെ സംരക്ഷിച്ച സ്ത്രീകൾക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഒളിവിൽ പോയ മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് നെടുമങ്ങാട് പൊലീസ് വ്യക്തമാക്കി. കാപ്പാക്കേസ് പ്രതി ഉൾപ്പെടെയുള്ളവരാണ് പൊലീസ് പിടിയിലായത്.
Story Highlights: Goons clash with police at birthday party in Thiruvananthapuram, 12 arrested including notorious criminal