കൊല്ലം അഞ്ചലില് നിന്ന് 81 ഗ്രാം എംഡിഎംഎയുമായി കോണ്ഗ്രസ് നേതാവ് ഉള്പ്പെടെ രണ്ടുപേര് പിടിയിലായി. കൊല്ലം റൂറല് പൊലീസ് ഡാന്സാഫും അഞ്ചല് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള് പിടിയിലായത്. അഞ്ചല് സ്വദേശിയും കോണ്ഗ്രസ് പ്രാദേശിക നേതാവുമായ കോട്ടവിള ഷിജു, ഏറം സ്വദേശി സാജന് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്ക്കും മയക്കുമരുന്ന് വില്ക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോണ്ഗ്രസ് യൂത്ത് കോണ്ഗ്രസ് നേതാവ് കോട്ടവിള ഷിജുവും സുഹൃത്ത് സാജനും കൊല്ലം റൂറല് പൊലീസ് ഡാന്സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. ഓട്ടോറിക്ഷ തൊഴിലാളി കൂടിയായ ഷിജു ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഡാന്സാഫ് ടീം തടഞ്ഞു നിര്ത്തി പരിശോധിച്ചപ്പോള് നാല് ഗ്രാം എം.ഡി.എം.എ കണ്ടെത്തി. തുടര്ന്ന് നടത്തിയ ചോദ്യം ചെയ്യലില് സാജന്റെ വീട്ടില് കൂടുതല് എംഡിഎംഎ ഒളിപ്പിച്ചിരിക്കുന്ന വിവരം ഷിജു വെളിപ്പെടുത്തി.
സാജന്റെ വീട്ടില് നിന്ന് 77 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെത്തി. അയിലറ സ്വദേശിയായ പ്രദീപ് ബാംഗ്ലൂരില് നിന്നാണ് എം.ഡി.എം.എ എത്തിക്കുന്നതെന്ന് പ്രതികള് പോലീസിന് മൊഴി നല്കി. കഴിഞ്ഞ ദിവസം പ്രദീപ് എത്തിച്ച 100 ഗ്രാം എം.ഡി.എം.എയില് 19 ഗ്രാം ഇരുവരും ചേര്ന്ന് വിറ്റു. ബാക്കിയുള്ളവ വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് പ്രതികള് പിടിയിലായത്. മൂന്നു ലക്ഷത്തോളം രൂപ വില വരുന്ന എം.ഡി.എം.എയാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. യൂത്ത് കോണ്ഗ്രസ്, ഐ.എന്.ടി.യു.സി സംഘടനകളുടെ ഭാരവാഹിയായിരുന്നു ഷിജു. ഒളിവില് പോയ പ്രദീപിനായി പോലീസ് അന്വേഷണം ശക്തമാക്കി. പ്രതികളെ സംഭവസ്ഥലങ്ങളിലെത്തിച്ച് തെളിവുകള് ശേഖരിച്ചു.
Story Highlights: Congress leader and associate arrested with 81 grams of MDMA in Anchal, Kollam