ദില്ലിയിലെ സംഗം വിഹാർ മേഖലയിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളായ രാഘവിനെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ് അറിയിച്ചു. പൊലീസിനെതിരെ വെടിയുതിർത്തതിനെ തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് രാഘവ് കൊല്ലപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി ഗോവിന്ദ്പുരി മേഖലയിൽ പട്രോളിങ്ങിനിടെയാണ് ഡൽഹി പൊലീസിലെ കോൺസ്റ്റബിൾ കിരൺ പാൽ (28) മൂന്നംഗ സംഘത്തിന്റെ കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദീപക് മാക്സ് (20), കൃഷ് ഗുപ്ത (18) എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. രക്ഷപ്പെട്ട രാഘവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.
സംഗം വിഹാറിൽ രാഘവ് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അവിടെ എത്തി കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ രാഘവ് പൊലീസിന് നേരെ വെടിയുതിർക്കുകയും, പൊലീസ് തിരിച്ച് വെടിവയ്ക്കുകയും ചെയ്തു. പരിക്കേറ്റ രാഘവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കവർച്ച ലക്ഷ്യമാക്കി സ്കൂട്ടറിൽ പോകുകയായിരുന്ന മൂവർ സംഘത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ച കോൺസ്റ്റബിൾ കിരണിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
Story Highlights: Delhi police kill suspect in officer’s murder case in encounter