ബെംഗളൂരുവിൽ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവത്തിൽ, കന്നഡ ടെലിവിഷൻ താരമായ താണ്ഡവേശ്വർ സംവിധായകൻ ഭരത് നാവുണ്ടയ്ക്ക് നേരെ വെടിയുതിർത്തു. മുടങ്ങിക്കിടക്കുന്ന സിനിമയെക്കുറിച്ചും, ചെലവാക്കിയ പണത്തെപ്പറ്റിയും ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ താണ്ഡവേശ്വറിനെ ബെംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി എട്ടോടെ ചന്ദ്ര ലേ ഔട്ടിലെ ഭരതിന്റെ ഓഫീസിലാണ് സംഭവം നടന്നത്. പണത്തെക്കുറിച്ച് സംസാരിക്കാനെത്തിയ താണ്ഡവേശ്വറും ഭരതും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടായി. പ്രകോപിതനായ താണ്ഡവേശ്വർ തന്റെ പക്കലുണ്ടായിരുന്ന തോക്കെടുത്ത് മുറിയുടെ മേൽക്കൂരയിലേക്ക് നിറയൊഴിക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഭരത് സംവിധാനം ചെയ്യുന്ന ‘ദേവനംപ്രിയ’ എന്ന സിനിമയ്ക്കുവേണ്ടി താണ്ഡവേശ്വറുമായി കരാറൊപ്പിട്ടിരുന്നു. നിർമാതാവിനെ ലഭിക്കാത്തതിനെ തുടർന്ന് താണ്ഡവേശ്വർ തന്നെയാണ് ആറുകോടി രൂപ മുടക്കിയത്. പിന്നീട് ഒരു നിർമാതാവിനെ കണ്ടെത്തി ചിത്രീകരണം ആരംഭിച്ചെങ്കിലും അതും മുടങ്ങി. ഇതോടെ താണ്ഡവേശ്വർ ഭരതിനോട് പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്ന് പൊലീസ് വിശദമാക്കി.
Story Highlights: Kannada TV actor Tandaveshwar arrested for firing at director Bharat Navunda in Bengaluru over dispute about stalled film project and money.