റിലയൻസ് ഇൻഡസ്ട്രീസിന്റെ മീഡിയ ബിസിനസ് വിഭാഗമായ വയാകോം18 ഉം വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ വിഭാഗവും തമ്മിലുള്ള ലയനം പൂർത്തിയായി. ഇതോടെ വിനോദ വ്യവസായ രംഗത്തെ കീരീടം വയ്ക്കാത്ത രാജാവായി റിലയൻസ് മാറും. 120 ടിവി ചാനലുകളും ഹോട്സ്റ്റാർ, ജിയോ സിനിമ എന്നീ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും ഒന്നിക്കുന്ന വമ്പൻ മീഡിയ സ്ഥാപനമാണ് യാഥാർഥ്യമാകുന്നത്. വിനോദ വ്യവസായ രംഗത്തെ ഏറ്റവും വലിയ ലയനമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.
കമ്പനിയുടെ ആകെ മൂല്യം 70,352 കോടി രൂപയാണ്. റിലയൻസ്, വയാകോം 18, ഡിസ്നി എന്നിവർക്ക് യഥാക്രമം 16.34%, 46.82%, 36.84% ഓഹരിയുണ്ടാകും. റിലയൻസ് ആയിരിക്കും കമ്പനിയെ നിയന്ത്രിക്കുക. നിത അംബാനി ചെയർപെഴ്സനാകും. വളർച്ചാ മൂലധനമായി റിലയൻസ് 11,500 കോടി രൂപയാണ് ജോയിന്റ് വെഞ്ച്വർ കമ്പനിയിൽ നിക്ഷേപിച്ചിരിക്കുന്നത്. ജിയോയ്ക്കും ഹോട്സ്റ്റാറിനും കൂടി നിലവിൽ 5 കോടിയിലേറെ വരിക്കാരുണ്ട്.
ഇപ്പോൾ ലയനം പൂർത്തിയായതോടെ, പുതുതായി ആരംഭിക്കുന്ന വെബ്സൈറ്റ് വഴിയും ‘ജിയോസ്റ്റാർ’ എന്ന ഒടിടി പ്ലാറ്റ്ഫോം വഴിയുമാകും, ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കമുള്ള എല്ലാ ക്രിക്കറ്റുകളും സംപ്രേഷണം ചെയ്യുക. ഈ ലയനത്തോടെ, റിലയൻസ് വിനോദ വ്യവസായ രംഗത്ത് പ്രബല സാന്നിധ്യമായി മാറുകയാണ്. വൻ മീഡിയ സാമ്രാജ്യം സൃഷ്ടിക്കുന്നതിലൂടെ, ഇന്ത്യൻ വിപണിയിൽ റിലയൻസിന്റെ സ്വാധീനം ഗണ്യമായി വർദ്ധിക്കും.
Story Highlights: Reliance Industries’ media business Viacom18 merges with Walt Disney’s India media division, creating a media giant with 120 TV channels and streaming platforms.