ഗൂഗിൾ മാപ്സ് ആപ്പിൽ പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. തത്സമയം ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് പരിശോധിക്കാൻ അവസരമൊരുക്കുന്ന ഈ പുതിയ സംവിധാനം ഇന്ത്യയിലെ ഓരോ സ്ഥലത്തിന്റെയും വായു ഗുണനിലവാരം ഓരോ മണിക്കൂറിലും അപ്ഡേറ്റ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കും. നിലവിൽ 2 ബില്ല്യണിലധികം ഉപയോക്താക്കളുള്ള ഈ ആപ്പ് 100-ലധികം രാജ്യങ്ങളിൽ ഈ ആഴ്ച മുതൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
വായു ഗുണനിലവാരത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾക്കൊപ്പം അതിന്റെ തീവ്രതയുടെ ലഘുവിവരണങ്ങളും ഈ ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എയർ ക്വാളിറ്റി ഇൻഡക്സുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഫോർമാറ്റിലാണ് നൽകിയിരിക്കുന്നത്. 0 മുതൽ 500 വരെയുള്ള റേഞ്ചുകളാണ് എയർ ക്വാളിറ്റി ഇൻഡക്സിന്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്.
വായുവിന്റെ ഗുണനിലവാരത്തെ വ്യത്യസ്ത നിറങ്ങൾ ഉപയോഗിച്ച് അടയാളപ്പെടുത്തിയിട്ടുണ്ട്. നല്ലതിന് പച്ച മുതൽ വളരെ ഗുരുതര സ്വഭാവത്തിലുള്ളതിന് ചുവപ്പ് വരെയാണ് നിറങ്ങൾ നൽകിയിരിക്കുന്നത്. ഒരു ലൊക്കേഷന്റെ വായു നിലവാരത്തെക്കുറിച്ച് അറിയാൻ, Google Maps തുറന്ന് ലെയർ ഐക്കണിൽ ക്ലിക്ക് ചെയ്ത് എയർ ക്വാളിറ്റി തിരഞ്ഞെടുക്കുക. ഇത് ലൊക്കേഷന്റെ തത്സമയ വായു ഗുണനിലവാരം കാണിക്കും.
Story Highlights: Google Maps introduces real-time Air Quality Index feature in India and over 100 countries