കൊല്ലത്തെ കിളികൊല്ലൂരിൽ നാലു വയസ്സുകാരനായ മകന്റെ കാലിൽ സ്പൂൺ ചൂടാക്കിവെച്ച് പൊള്ളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കല്ലുംതാഴം കാപ്പെക്സ് കശുവണ്ടി ഫാക്ടറിക്കു സമീപം താമസിക്കുന്ന അശ്വതി (34) എന്ന യുവതിയാണ് അങ്കണവാടി വിദ്യാർഥിയായ മകനോട് ക്രൂരത കാണിച്ചത്. കുട്ടിയുടെ വലതു കാലിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ്.
സംഭവത്തെക്കുറിച്ച് ആദ്യം ചായ വീണെന്നാണ് അശ്വതി പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. മിഠായി വാങ്ങാൻ പേഴ്സിൽ നിന്ന് പണമെടുത്തു എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും, പേഴ്സിൽനിന്ന് പണമെടുത്ത ദേഷ്യത്തിൽ സ്പൂൺ ചൂടാക്കി കുട്ടിയുടെ കാൽ പൊള്ളിച്ചെന്നും അവർ സമ്മതിച്ചു. കിളികൊല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്മ കുറ്റം സമ്മതിച്ചത്.
പൊതുപ്രവർത്തകരുടെ ഇടപെടലിലാണ് കിളികൊല്ലൂർ പൊലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കൊല്ലത്തെ ഒറ്റമുറി വീട്ടിൽ അമ്മയും കുഞ്ഞും മാത്രമാണ് താമസിക്കുന്നത്. മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയെയും കുഞ്ഞിനെയും വിട്ടയച്ചതായി കിളികൊല്ലൂർ പൊലീസ് അറിയിച്ചു. ചൈൽഡ് ലൈൻ മുഖേനെ അമ്മയ്ക്ക് കൗൺസിലിങ് നൽകാനാണ് പൊലീസ് തീരുമാനം. സമൂഹമാധ്യമങ്ങളിൽ കുട്ടിയുടെ കാലിലെ മുറിവ് പ്രചരിച്ചിരുന്നു.
Story Highlights: Mother arrested for burning 4-year-old son’s leg with hot spoon in Kollam, Kerala