മേപ്പാടി കുന്നംപറ്റയിലെ വാടക ഫ്ലാറ്റിൽ താമസിക്കുന്ന ദുരന്ത ബാധിതരായ രണ്ട് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി റിപ്പോർട്ട്. 7 വയസ്സും 10 വയസ്സും പ്രായമുള്ള കുട്ടികൾക്കാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. ദുരിതബാധിതർക്കായി നൽകിയിരുന്ന ഭക്ഷ്യകിറ്റിലെ സോയാബീൻ കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് അസുഖം ബാധിച്ചതെന്നാണ് ആരോപണം. നിലവിൽ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ വിവരമനുസരിച്ച്, ബുധനാഴ്ചയാണ് സോയാബീൻ വാങ്ങിയതെന്നും പിറ്റേദിവസം അത് കഴിക്കുകയുമായിരുന്നു. പുറത്തുനിന്ന് കുട്ടികൾക്ക് ഭക്ഷണം വാങ്ങി നൽകിയിട്ടില്ലെന്നും ഭക്ഷ്യകിറ്റിലെ സാധനങ്ങൾ മാത്രമാണ് കഴിക്കാറുള്ളതെന്നും അവർ വ്യക്തമാക്കി. എന്നാൽ, മേപ്പാടി പഞ്ചായത്തിൽ വിതരണം ചെയ്ത ഭക്ഷ്യകിറ്റിൽ നിന്നും പുഴുവരിച്ച അരിയും കീറിയ വസ്ത്രങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. എന്നാൽ റവന്യൂ വകുപ്പ് വിതരണം ചെയ്ത ഭക്ഷ്യ കിറ്റുകളാണ് ഇവയെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് യുഡിഎഫ്. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക് നൽകിയതെന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാൽ പഞ്ചായത്തിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ രംഗത്തെത്തിയിരുന്നു.
Story Highlights: Two children in Meppadi suffer food poisoning after consuming relief kit items